അനന്തപുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ മലയാളി താരം സഞ്ജു സാംസണിന്റെ കന്നി സെഞ്ചുറി പാഴായായില്ല. ഒന്നാം ഇന്നിംഗ്സിൽ സഞ്ജുവും രണ്ടാം ഇന്നിംഗ്സിൽ റിക്കി ഭുയിയും സെഞ്ചുറിയുമായി തിളങ്ങിയ മത്സരത്തിൽ ഇന്ത്യ ബിക്കെതിരേ ഇന്ത്യ ഡിക്ക് തകർപ്പൻ ജയം. 258 റണ്‍സിന്റെ ജയമാണ് ഇന്ത്യ ഡി നേടിയത്.
373 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ ഇന്ത്യ ബി, 22.2 ഓവറിൽ 116 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റെടുത്ത അർഷ്ദീപ് സിംഗ്, നാലു വിക്കറ്റെടുത്ത ആദിത്യ താക്കറെ എന്നിവരാണ് ഇന്ത്യ ബിയെ തകർത്തത്.
രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ഡിക്കായി ബോൾ ചെയ്തത് ഇവർ മാത്രമാണ്. നിതീഷ് കുമാർ റെഡ്ഢിയാണ് (40 നോട്ടൗട്ട്) ഇന്ത്യ ബിയുടെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറർ. ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡിയുടെ ആദ്യ വിജയമാണിത്. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ ഡി പരാജയപ്പെട്ടിരുന്നു.സ്കോർ: ഇന്ത്യ ഡി 349 & 305, ഇന്ത്യ ബി 282, 115.
മറ്റൊരു മത്സരത്തിൽ ഇന്ത്യ എ 132 റണ്‍സിന് ഇന്ത്യ സിയെ പരാജയപ്പെടുത്തി. സ്കോർ 297, 286/8. ഇന്ത്യ സി 234, 217. രണ്ടാം ഇന്നിംഗ്സിൽ 350 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ബിയെ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും താനിഷ് കോട്യാനും രണ്ടു വിക്കറ്റ് നേടിയ അഖ്വിബ് ഖാനും തകർത്തു. ഒരു വിക്കറ്റ് ഷമാസ് മുലാനി നേടി. 111 റണ്‍സുമായി സായി സുദർശൻ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ ബിയുടെ ടോപ് സ്കോററായി.