നടനാവുക എന്നതിനേക്കാൾ ഒരു സംവിധായകനാവുക എന്നതായിരുന്നു തന്റെ എക്കാലത്തെയും ആഗ്രഹമെന്ന് ദുൽഖർ സൽമാൻ. ചില സ്റ്റോറിലൈനുകൾ മനസിലുണ്ട്, എന്നാൽ എഴുത്തിൽ ഞാൻ പിന്നിലാണ്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അഭിനയത്തിന് പുറമെ സംവിധായകനാകാനുള്ള താൽപര്യത്തെക്കുറിച്ച് ദുൽഖർ വ്യക്തമാക്കിയത്.ചിന്തകൾ പേപ്പറിലേക്ക് പകർത്തുന്നതിൽ വളരെ പിന്നിലാണ് ഞാൻ. പക്ഷേ എന്റെ മനസിൽ ചില കഥകളുണ്ട്. എല്ലാറ്റിനുമപ്പുറം സിനിമ സംവിധാനം ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
എക്കാലത്തും എനിക്ക് ആ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അയാൾ അഭിനയത്തിൽ നിന്ന് ഒളിച്ചോടി എന്ന് മറ്റുള്ളവർ പറയുന്നത് കേൾക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു. പിന്നെ, അച്ഛനുമായുള്ള താരതമ്യങ്ങളും. അതിനാൽ ഭയമുണ്ടായിരുന്ന കാര്യം ചെയ്യാൻ ഞാൻ തീരുമാനിച്ചു, അങ്ങനെ ഒരു നടനായി-ദുൽഖർ പറഞ്ഞു. എപ്പോഴെങ്കിലും നിർമ്മാണരംഗത്തേക്ക് വരുന്നപക്ഷം സ്വന്തം ചിത്രങ്ങൾക്ക് മാത്രമായിരിക്കില്ല പണം മുടക്കുക.
ചെറുചിത്രങ്ങളുടെ നിർമാണത്തിലും പങ്കാളിയാവണമെന്നുണ്ട്്. വർഷം നാലോ അഞ്ചോ സിനിമകളാണ് ഇപ്പോൾ ഞാൻ ചെയ്യാറുള്ളത്. അതിനാൽ താൽപര്യമുള്ള എല്ലാ പ്രോജക്ടുകളുടെയും ഭാഗമാവാൻ കഴിയാറില്ല. പ്രൊഡക്ഷൻ കന്പനി ആരംഭിച്ചാൽ അത്തരം ചിത്രങ്ങൾക്കൊപ്പം നിൽക്കാൻ സാധിക്കും- ദുൽഖർ പറയുന്നു.