മഹാനടി എന്ന സിനിമ ദുല്‍ഖര്‍ സല്‍മാന്റെയും കീര്‍ത്തി സുരേഷിന്റെയും സിനിമാജീവിതം മാറ്റിമറിച്ചു എന്നുവേണം കരുതാന്‍. ഇരുവരുടെയും ജീവിതത്തിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് മഹാനടി എന്ന സിനിമ. മഹാനടി കണ്ടതിനുശേഷം താന്‍ ദുല്‍ഖറിന്റെ ആരാധകനായി മാറിയെന്ന് എസ്.എസ്. രാജമൗലി ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ ഇരുവരെയും അഭിനന്ദനം കൊണ്ട് മൂടിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാല്‍. ട്വിറ്ററിലൂടെയാണ് ലാല്‍ ഇരുവരെയും അഭിനന്ദിച്ചത്.
‘മഹാനടിയെക്കുറിച്ച് എങ്ങും മികച്ച അഭിപ്രായങ്ങള്‍ കേട്ടു. എനിക്ക് അത്രമേല്‍ പ്രിയപ്പെട്ട എന്റെ കുടുംബത്തിലെ ഈ രണ്ടുപേര്‍, ദുല്‍ഖറും കീര്‍ത്തിയും. ഇരുവരെയും ഓര്‍ത്ത് സന്തോഷം. ഞാന്‍ എത്രയും വേഗം ചിത്രം കാണും’. ഇതായിരുന്നു ലാലിന്റെ ട്വീറ്റ്. പിന്നാലെ വന്നു ദുല്‍ഖറിന്റെ മറുപടി. ‘ഈ സ്നേഹത്തിനും പിന്തുണക്കും നന്ദി പ്രിയ ലാലേട്ടാ…’
മലയാളത്തിന് അഭിമാനനിമിഷമെന്ന് പറയത്തക്ക വിധം മികച്ച അഭിപ്രായം സ്വന്തമാക്കി മുന്നേറുകയാണ് മഹാനടി. സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെന്ന് മോഹന്‍ലാല്‍ വിളിച്ചതില്‍ അതിശയിക്കാനുമില്ല. അത്രത്തോളം അടുപ്പം കാത്തുസൂക്ഷിക്കുന്നവരാണിവര്‍.
ആ കുടുംബത്തില്‍ നിന്നുള്ള ഇളമുറക്കാരുടെ നേട്ടത്തെ മോഹല്‍ലാല്‍ അഭിനന്ദിച്ചത് ആരാധകര്‍ക്കും ഏറെ ഇഷ്ടപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു. തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായിരുന്ന സാവിത്രിയുടെയും ജെമിനി ഗണേശന്റെയും ജീവിതകഥ പറയുന്ന ചിത്രമാണ് മഹാനടി.
Hearing great reviews about #Mahanati. Very happy for both My Dears from our extended family @KeerthyOfficial & @dulQuer. Will watch the movie soon!!
— Mohanlal (@Mohanlal) May 11, 2018