താരപുത്രന്മാരാല്‍ സമ്പന്നമാണ് മലയാള സിനിമ. നാള്‍ക്കുനാള്‍ താരമക്കളുടെ സാന്നിദ്ധ്യം മലയാള സിനിമയില്‍ കൂടിവരികയും ചെയ്യുന്നു. എന്നാല്‍ താരപുത്രന്മാര്‍ നേരിടുന്നൊരു പ്രശ്‌നമുണ്ടെന്ന് തുറന്നു പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം തുറന്നു പറഞ്ഞത്.
താരപുത്രനായി മലയാള സിനിമയിലേക്കു വന്നത് ഗുണകരമായോ എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ മറുപടി പറഞ്ഞത്.’വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലെല്ലാം താന്‍ കൂടുതല്‍ കേട്ട ചോദ്യം സത്യന്‍ അന്തിക്കാടിനേയും അനൂപ് സത്യനേയും താരതമ്യം ചെയ്തുളളതാണ്.
ഒരുപാട് വര്‍ഷങ്ങള്‍ കൊണ്ട് നിരവധി മികച്ച സിനിമകള്‍ ചെയ്ത സത്യന്‍ അന്തിക്കാടിനേയും ആദ്യ സിനിമ ചെയ്ത അനൂപ് സത്യനേയും താരതമ്യപ്പെടുത്തുമെന്നത് എങ്ങനെയെന്ന് ദുല്‍ഖര്‍ ചോദിച്ചു.
താരമക്കള്‍ മുമ്പേ തന്നെ സമൂഹത്തില്‍ പരിചിതരായത് സിനിമയിലേക്ക് വരുമ്പോള്‍ സഹായകമാവുമെന്ന് ദുല്‍ഖര്‍ പറയുന്നു. മറ്റ് പുതുമുഖങ്ങളേക്കാള്‍ വേഗത്തില്‍ പ്രേക്ഷകന്റെ മനസ്സിലേക്ക് എത്താന്‍ കഴിയും എന്നതാണ് താരപുത്രന്‍ എന്നതിന്റെ നല്ല വശം. കാരണം സിനിമയില്‍ വരുന്നതിന് മുന്നേ തന്നെ സ്റ്റാര്‍ കിഡ്സ് എന്ന നിലയില്‍ മുഖവും പേരുമെല്ലാം പലരുടേയും മനസ്സില്‍ തെളിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ പരിചയം സിനിമയിലേക്ക് വരുമ്പോള്‍ ഗുണം ചെയ്യുമെന്നും ദുല്‍ഖര്‍ പറയുന്നു. പഴയ തലമുറയും പുതിയ തലമുറയും ഒന്നിച്ചു നിന്നതിന്റെ മാറ്റമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ കാണാന്‍ സാധിക്കുന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു.