കൊച്ചി: പിറന്നാള്‍ ദിനത്തില്‍ ഉമ്മയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള നടന് ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റ് വൈറലാകുന്നു. ഉമ്മ സുല്‍ഫത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ദുല്‍ഖര്‍ ആശംസ കുറിപ്പ് ഇൻസ്റ്റഗ്രാമിൽ ഷെയര്‍ ചെയ്തത്.
‘പിറന്നാള്‍ ആശംസകള്‍ മാ. ഉമ്മിച്ചിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നാണ് നമ്മുടെ വീട്ടിലെ കേക്ക് മുറികളുടെ ആഴ്ച്ച ആരംഭിക്കുന്നത്. വീട്ടില്‍ എല്ലാവരും ഒരുമിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന ഒരു സമയം കൂടിയാണിത്.
മക്കളും പേരക്കുട്ടികളും ഒപ്പമുള്ളതു കൊണ്ട് വര്‍ഷത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമാണ് ഉമ്മക്കിതെന്ന് എനിക്കുറപ്പാണ്. ഞങ്ങള്‍ക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങള്‍ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്. ‘
“ഉമ്മയെ ആഘോഷിക്കാന്‍ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമെ സമ്മതിക്കാറുള്ളൂ എന്നതാണ് സത്യം.
ഉമ്മക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഇതു നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പിറന്നാള്‍ ആശംസകള്‍ ഉമ്മ’ – ദുല്‍ഖറിന്റെ പോസ്റ്റ് ഇങ്ങനെയാണ് അവസാനിക്കുന്നത്.
തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരാള്‍ ഉമ്മ സുല്‍ഫത്താണെന്ന് ദുല്‍ഖര്‍ സല്മാന് പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
മമ്മൂട്ടിയുടെ ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേക്കുള്ള യാത്രയിലും സിനിമാ തിരക്കുകളിലും കുടുംബത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് മക്കളെ വളര്‍ത്തിയത് സുല്‍ഫത്താണ്.