ദുല്‍ഖര്‍ സല്‍മാന്റെഏറ്റവും പുതിയ ചിത്രമാണ് നവാഗതനായ ബി.സി. നൗഫല്‍ സംവിധാനം ചെയ്ത ‘ഒരു യമണ്ടന്‍ പ്രേമകഥ’. സിനിമയുമായി ബന്ധപ്പെട്ട അനേകം രസകരമായ മുഹൂര്‍ത്തങ്ങളെക്കുറിച്ച് സിനിമയുടെ പിന്നണി പ്രവര്‍ത്തകരും താരങ്ങളും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ തനിക്ക് വ്യക്തിപരമായി ഉണ്ടായ ഒരു അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍.
സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തിന്റെ വീട്ടില്‍ ചെന്ന് മാങ്ങയിട്ട മീന്‍കറി കൂട്ടി ചോറുണ്ണുന്ന ഒരു രംഗമുണ്ട്. നര്‍മത്തില്‍ പൊതിഞ്ഞ ആ രംഗത്തിനു വന്‍ കൈയടിയാണ് തീയേറ്ററുകളിലുയര്‍ന്നത്. ആ രംഗം അത്രയും മനോഹരമായതിനു പിന്നിലെ യാഥാര്‍ഥ്യവും വെളിപ്പെടുത്തുകയാണ് ചിത്രം പങ്കുവച്ച് ദുല്‍ഖര്‍.
‘കുറെ കാലമായി ഡയറ്റിംഗിലായിരുന്നു. അവരെനിക്ക് മാങ്ങയിട്ട മീന്‍കറിയും ചോറും തന്നു. ആ സീനിനു വേണ്ടി എനിക്ക് അഭിനയിക്കേണ്ടി വന്നില്ല. അന്നുവരെ ഭക്ഷണം കാണാത്ത ആളെപ്പോലെയാണ് ഞാന്‍ ഊണുകഴിച്ചത്’. ദുല്‍ഖര്‍ കുറിച്ചു.