പാരീസ്: ഏഷ്യന്‍ വംശജര്‍ക്കെതിരേ വംശീയാധിക്ഷേപം നടത്തിയ ഫ്രഞ്ച് ഫുട്ബോള്‍ താരങ്ങളായ ആന്ത്വാന് ഗ്രീസ്മാനും ഉസ്മാന് ഡെംബലെയും വിവാദത്തിൽ.
ലാ ലിഗയില്‍ ബാഴ്സലോണയുടെ താരങ്ങളായ ഇരുവരും വംശീയാധിക്ഷേപം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഫ്രഞ്ച് ടീം യൂറോ കപ്പില്‍നിന്നു പുറത്തായതിനു ഒരാഴ്ചയ്ക്കുശേഷമാണ് ഏഷ്യക്കാരെ അപമാനിക്കുന്ന വീഡിയോ പുറത്തുവന്നത്. വീഡിയോയുടെ ഉറവിടം വ്യക്തമല്ല.
ഹോട്ടല്‍ മുറിയില്‍ സാങ്കേതിക സഹായത്തിനെത്തിയ ഏഷ്യന്‍ വംശജരായ സ്റ്റാഫിനെ ഇരുവരും അധിക്ഷേപിക്കുകയായിരുന്നു. ഗ്രീസ്മാനും ഡെംബലെയും താമസിക്കുന്ന ഹോട്ടല്‍ റൂമിലെ ടെലിവിഷനില്‍ വീഡിയോ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യാനെത്തിയതായിരുന്നു ഏഷ്യക്കാരായ സ്റ്റാഫ്.
വീഡിയോയില്‍ ഗ്രീസ്മാനെ മാത്രമാണു കാണുന്നത്. ഡെംബലെയുടെ ശബ്ദം കേള്‍ക്കാം. ‘ഇത്രയും വൃത്തികെട്ട മുഖമുള്ള നിങ്ങള്‍ക്കു ലജ്ജയില്ലേ.
ഏതു തരത്തിലുള്ള ഭാഷയാണു നിങ്ങള്‍ സംസാരിക്കുന്നത്? നിങ്ങളുടെ രാജ്യം സാങ്കേതികമായി വളര്‍ന്നിട്ടുണ്ടോ?’ എന്നു ഡെംബലെ ചോദിക്കുന്നത് കേള്‍ക്കുന്ന ഗ്രീസ്മാന് ചിരിക്കുന്നുമുണ്ട്.
2019ല്‍ ബാഴ്സലോണയുടെ ഏഷ്യന്‍ സന്ദര്‍ശന സമയത്തുള്ളതാകാം വീഡിയോ എന്നാണു കരുതുന്നത്. കാരണം, വീഡിയോയിലെ ഗ്രീസ്മാന്റെ ഹെയര്സ്റ്റൈലിൽനിന്ന് അതു മനസിലാകും. ഇവരുടെ അധിക്ഷേപത്തെ ന്യായീകരിക്കാനാകില്ലെന്നും ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും പൊതുവേ ആവശ്യമുയർന്നിട്ടുണ്ട്.