കേപ് ടൗൺ: ഒരു ഓവറിൽ 37 റൺസ് നേടി ദക്ഷിണാഫ്രിക്കൻ താരം ജെപി ഡുമിനി റിക്കാർഡ് ബുക്കിൽ. വൺ ഡേ കപ്പ് മാച്ചിൽ കേപ് കോബ്രായ്ക്കു വേണ്ടിയായിരുന്നു ഡുമിനിയുടെ മാസ്മരിക പ്രകടനം. നൈറ്റ്സിന്റെ ലെഗ് സ്പിന്നർ എഡ്ഡി ലീയെയാണ് ഡുമിനി അടിച്ചുപറത്തിയത്. അഞ്ച് സിക്സറുകളും ഒരു ഫോറും ഒരു ഡബിളുമാണ് ഈ ഓവറിൽ ലീ വഴങ്ങിയത്. ഒരു പന്ത് നോബോൾ ആയതിനാൽ ഒരു റണ്ണും ഒരു പന്തും അധികമായി ലഭിച്ചു.
ലീയുടെ ആദ്യത്തെ നാലു പന്തുകളും വേലിക്കെട്ടിനു മുകളിലൂടെ ഡുമിനി പറത്തി. അഞ്ചാമത്തെ പന്തിൽ രണ്ടു റൺ. അവസാന പന്ത് വേലിക്കെട്ടിനെ ചുംബിച്ചാണ് പുറത്തേക്കുപോയത്. ഈ പന്ത് നോബോൾ ആയതോടെ വീണ്ടും അവസരം. അധികമായി ലഭിച്ച അവസരം ഡുമിനി സിക്സറിലൂടെ ആഘോഷമാക്കി.
മത്സരത്തിൽ എട്ടു വിക്കറ്റിന് കേപ് കോബ്രാസ് നൈറ്റ്സിനെ പരാജയപ്പെടുത്തി. ഡുമിനി പുറത്താകാതെ 37 പന്തിൽ 70 റൺസെടുത്തു. ആദ്യം ബാറ്റ് ചെയ്ത നൈറ്റ്സ് നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റിന് 239 റൺസ് വിജയലക്ഷ്യം കുറിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ കോപ് കോബ്ര 37 ഓവറിൽ രണ്ടു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി വിജയം പിടിച്ചെടുത്തു.