രാഹുല്‍ ഗാന്ധിയെ തേടിയലഞ്ഞ് സിപിഎം, ഒടുവില്‍ തിരുവനന്തപുരത്ത് നിന്നും കണ്ടുകിട്ടിയതായി സൂചന!! വയനാട്ടില്‍ മത്സരിക്കണമെന്ന ഇടതുനേതാക്കളുടെ ആവശ്യം സ്വീകരിച്ചു? സിപിഎമ്മിന്റെ രാഹുല്‍ നാളെ വയനാട്ടില്‍

തലക്കെട്ട് വായിച്ചപ്പോള്‍ ആകെ മൊത്തം കണ്‍ഫ്യൂഷന്‍ ആയെന്നു തോന്നുന്നു. തള്ളാണെന്ന് തോന്നുമെങ്കിലും മുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം സത്യമാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമ്പോള്‍ അതിന് ബദലായി അപരനെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് സിപിഎമ്മും ഇടതുകക്ഷികളും. ഏറെ അന്വേഷണങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരത്ത് പഠിക്കുന്ന ഇതേ പേരുള്ള ഒരാളെ കണ്ടുകിട്ടിയതായും ഈ പേരുകാരനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ഒരുങ്ങുന്നതായും ഒരു മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാഹുല്‍ വയനാട്ടിലെത്തിയാല്‍ കടുത്ത മത്സരത്തിലൂടെ തോല്പിക്കുമെന്ന് തന്നെയാണ് എല്‍ഡിഎഫിന്റെ വെല്ലുവിളി. കൃത്യമായ കണക്കുകൂട്ടലിലൂടെയാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്. ലോക്കല്‍ കമ്മറ്റിയും ഏരിയാകമ്മറ്റിയും നേതൃത്വം നല്‍കി പാര്‍ട്ടിമെമ്പറന്മാര്‍ വഴി ഒരു ലക്ഷം വോട്ടുകള്‍ തനിച്ച് സമാഹരിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് നിലനിര്‍ത്തിക്കൊണ്ട് ഒരു ലക്ഷത്തിലധികം വോട്ട് കൂടി സമാഹരിക്കാനായാല്‍ രാഹുല്‍ഗാന്ധിയെ വീഴ്ത്താമെന്നാണ് വിലയിരുത്തല്‍. കേന്ദ്രത്തില്‍ കോണ്‍ഗ്രസുമായി സഖ്യസാധ്യത നില നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനെത്തിയത് ഇടതുപക്ഷത്തിന് പ്രസ്റ്റീജ് വിഷയമായി മാറിയിട്ടുണ്ട്.

ഏതു രീതിയിലും ഇടതു സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് എത്തിക്കുന്ന രീതിയില്‍ പാര്‍ട്ടിഅംഗങ്ങള്‍ക്ക് വോട്ട് ക്വോട്ടാ നിശ്ചയിച്ചുള്ള തന്ത്രമാണ് സിപിഎം പരീക്ഷിക്കുന്നത്. ഒരോ പാര്‍ട്ടിമെമ്പര്‍മാരും സിപിഎം അംഗങ്ങളല്ലാത്ത രണ്ടു കുടുംബങ്ങളിലെ വോട്ട് പാര്‍ട്ടിക്ക് അനുകൂലമാക്കി മാറ്റാന്‍ ശ്രമം നടത്തണമെന്നതാണ് തീയറി. ലോക്കല്‍ കമ്മറ്റിയംഗം മൂന്ന് കുടുംബങ്ങളിലെ ആള്‍ക്കാരുടെ വോട്ട് സ്വാധീനിക്കണം. ഏരിയാ കമ്മറ്റിയംഗമാകട്ടെ അഞ്ചു കുടുംബങ്ങളിലെ വോട്ടുകളാണ് സിപിഎം പെട്ടിയില്‍ വീഴ്ത്തേണ്ടത്. ചില ഇടതുനേതാക്കള്‍ വയനാട് കേന്ദ്രീകരിച്ച് നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related posts