കോട്ടയം: ജില്ലയിലെ വാഹനാപകടങ്ങൾക്ക് പ്രധാന കാരണം മദ്യപിച്ചുള്ള ഡ്രൈവിംഗ്. പോലീസിന്റെ കണക്കുകൾ അനുസരിച്ച് ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ 5643പേരെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് പിടികൂടിയത്. രണ്ടായിരം മുതൽ അയ്യായിരം വരെ പിഴ ലഭിക്കാവുന്ന ശിക്ഷയാണ് മദ്യപിച്ച് വാഹനമോടിക്കുന്നത്.
അമിതവേഗവും അപകടങ്ങൾക്ക് പ്രധാന കാരണമായി മാറുന്നുണ്ട്. രണ്ടു മാസത്തിനിടയിൽ അമിതവേഗം കാരണം മതിലിലും പോസ്റ്റിലും ഇടിച്ചു കയറി മരണപ്പെട്ടത് ഏഴ് യുവാക്കളാണ്. അമിത വേഗത്തിൽ വാഹനമോടിച്ച് അപകടങ്ങളിൽപ്പെട്ട് നൂറിൽ പരം ആളുകൾ മാസങ്ങളോളം ആശുപത്രിയിലായ സംഭവങ്ങളുമുണ്ട്. അമിത വേഗത്തിനു രണ്ടുമാസത്തിനിടെ പോലീസ് പിടിയിലായത് 14,000ൽ പരം ആളുകളാണ്.
മദ്യപിച്ച് വാഹനമോടിക്കുന്നതിലും അമിത വേഗത്തിലും പാലാക്കാരാണു മുന്നിൽ. മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായ 2000ൽ പരം ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ പോലീസ് മോട്ടോർ വാഹന വകുപ്പിന് ശിപാർശ ചെയ്തു. മോട്ടോർ വാഹനവകുപ്പിന്റെ നടപടിക്രമങ്ങൾ വൈകുന്നുവെന്ന് ആക്ഷേപമുണ്ട്.
അപകടങ്ങൾക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് സീറ്റ് ബെൽറ്റില്ലാതെ ഡ്രൈവ് ചെയ്യുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചെങ്കിൽ മാത്രമേ അപകടമുണ്ടാകുന്ന സമയത്ത് വാഹനത്തിലെ എയർ ബാഗുകൾ പ്രവർത്തിക്കൂ. സീറ്റ് ബെൽറ്റ് ഇടാതെയുള്ള അപകടങ്ങൾക്ക് തീവ്രത കൂടുതലുമാണ്.
വണ്‍വേ പാലിക്കാതെ വാഹനമോടിച്ച് പോലീസ് പിടിയിലാകുന്നവരും നിരവധിയാണ്. മെഡിക്കൽ കോളജിലെ റൗണ്ടാനയിൽ രാത്രി കാലങ്ങളിൽ അപകടസാധ്യത വളരെ കൂടുതലാണ്. മൂന്നു വശങ്ങളിൽ നിന്നും വാഹനങ്ങൾ എത്തുന്നതോടെ ആര് ആദ്യം പോകും എന്നറിയാതെ വലയുന്ന സാഹചര്യമാണ് നിലവിൽ. അമലഗിരി ഐസിഎച്ച് ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ മെഡിക്കൽ കോളജ് റൗണ്ടാന ശ്രദ്ധിക്കുക പോലും ചെയ്യാതെ രാത്രി കാലങ്ങളിൽ നേരെ കയറി വരുന്നതും നിത്യ സംഭവമാണ്.
രാത്രിയിൽ വണ്‍വേ പാലിക്കേണ്ട എന്നാണ് ചിലരുടെ ധാരണ. നഗരത്തിലൂടെ ബൈക്കുകളിൽ ട്രിപ്പിൾ വച്ചു പായുന്ന നിരവധി യുവാക്കളും അപകടങ്ങളിൽപ്പെടുന്നത് പതിവാണ്. രാത്രി കാലങ്ങളിൽ നിരവധി യുവാക്കളെയാണ് കഞ്ചാവുമായി പോലീസ് പിടിച്ചിത്.
ഇന്നലെ നടത്തിയ പരിശോധനയിൽ 66 മദ്യപരെ പിടികൂടി
കോട്ടയം: ഇന്നലെ പോലീസ് നടത്തിയ വാഹനപരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 66 പേർക്കതിരേ നടപടികൾ സ്വീകരിച്ചു.അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 195 പേർക്കെതിരെയും ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 227 പേർക്കെതിരെയും നടപടികൾ സ്വീകരിച്ചു. സീറ്റ് ബെൽറ്റ് ഇല്ലാത്തതിന് 96 പേർക്കെതിരെയും മറ്റു ഗതാഗത നിയമലംഘനങ്ങൾക്ക് 536 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചിട്ടുള്ളതാണ്.