ഷൊർണൂർ: പക്ഷിനിരീക്ഷകർക്കു പഠനസാധ്യതകളുടെ വാതായനങ്ങൾ തുറന്ന് ദേശാടന പക്ഷികൾ. നിളാതടത്തിൽ ഏറ്റവുമവസാനം കണ്ടെത്തിയിരിക്കുന്നത് ഡണ്ലിൻ എന്ന ദേശാടന പക്ഷിയെയാണ്. തൃത്താലയിൽ നിളാതടത്തിലെ നെൽവയലിൽ നിന്നുമാണ് കഴിഞ്ഞ ദിവസം ഈ പക്ഷിയെ കണ്ടെത്തിയത്.
താരതമ്യേന വലിപ്പംകുറഞ്ഞ ഇനമായ ഇവ ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷികളിലൊന്നാണ്. മഞ്ഞുകാലത്ത് ഇവ വടക്കൻ യൂറോപ്പിലെ വിഹാരകേന്ദ്രത്തിൽനിന്ന് ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കു ദേശാടനം ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്.
പക്ഷിനിരീക്ഷകർ അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തുന്ന വെബ്സൈറ്റായ ഇ-ബേർഡിലെ വിവരപ്രകാരം ജില്ലയിൽ ഈ പക്ഷിയെ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഷിനോ ജേക്കബ് പറയുന്നു. ഷിനോ ജേക്കബാണ് നിരന്തര നിരീക്ഷണത്തിലൂടെ പക്ഷിയെ തിരിച്ചറിഞ്ഞതും ഇതിന്റെ ചിത്രമെടുത്തതും.
ഒട്ടേറെ പ്രത്യേകതകളുള്ള ദേശാടനപ്പക്ഷിയാണിത്. 16 മുതൽ 22 സെന്റീമീറ്റർവരെ നീളമുള്ള ഇവയ്ക്ക് 40 മുതൽ 77 ഗ്രാം വരെ ഭാരമുണ്ടാകും. പ്രജനനകാലത്ത് ഇവയുടെ വയർഭാഗം കറുപ്പ് നിറമാവും. മഞ്ഞുകാലത്ത് വയർഭാഗം വെള്ളനിറവും പുറംഭാഗം ചാരനിറത്തിലുമാണ് ഉണ്ടാവുക.
കൊക്ക് കറുത്ത നിറത്തിലുള്ളതും നീളമുള്ളതും താഴേക്കു വളവുള്ളതുമാണ്. ആണ്‍പക്ഷിയെ അപേക്ഷിച്ച് പെണ്‍പക്ഷിയുടെ കൊക്കിനു നീളം കൂടുതലുണ്ടാവും.ചതുപ്പുനിലങ്ങളിലും തീരപ്രദേശങ്ങളിലും ചെളിയിൽ ഇരതേടുന്ന ഇവ മണ്ണിൽനിന്നുള്ള ചെറുജീവികളെയാണ് ഭക്ഷണമാക്കുന്നത്.
ഭാരതപ്പുഴയോടു ചേർന്ന തൃത്താലയിലെ നെൽവയലിൽ മറ്റു ദേശാടനപ്പക്ഷികൾക്കൊപ്പം ഇരതേടുന്ന നിലയിൽ നാലെണ്ണത്തെയാണ് കണ്ടെത്തിയത്. പ്രജനനകാലത്ത് ഇവ വടക്കൻ യൂറോപ്പിലേക്കു തിരിച്ചുപോകും.
ദേശാടനക്കാലമായതോടെ നിളാതടത്തിലും ഇതിനോടുചേർന്നുള്ള നെൽവയലുകളിലും ദേശാടനപ്പക്ഷികൾ കൂട്ടമായി എത്താൻ തുടങ്ങിയിട്ടുണ്ട്.
ഭാരതപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളിൽ വേറെയും ദേശാടനപക്ഷികൾ വിരുന്നെത്തുന്ന കാലമാണിത്. ഇവയെ കണ്ടെത്തുന്നതിനും മനസിലാക്കുന്നതിനും പക്ഷിനിരീക്ഷകർ ഭാരതപ്പുഴയുടെ പരിസരങ്ങളിൽ നിരീക്ഷണം നടത്തുന്നുണ്ട്.