അപരന്‍ വരുത്തുന്ന വിന ! ആറു വര്‍ഷത്തിനിടെ നാല് അറസ്റ്റ് വാറന്റും അഞ്ചു സമന്‍സും; അബുബക്കറിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല…

ജനപ്രിയ നടന്‍ ജയറാമിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അപരന്‍. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍ പദ്മരാജന്‍ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

നഗരത്തിലെത്തുന്ന കഥാനായകന് താനുമായി രൂപസാദൃശ്യമുള്ള വ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ മൂലം ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നതാണ് സിനിമയുടെ കഥാ പശ്ചാത്തലം.

എന്നാല്‍ അത് സിനിമയാണെങ്കില്‍ കഴിഞ്ഞ ആറു വര്‍ഷമായി അപരനെക്കൊണ്ട് പൊറുതിമുട്ടുന്ന ഒരാള്‍ കേരളത്തിലുണ്ട്. മലപ്പുറം തരിശിലെ പൊതുപ്രവര്‍ത്തകനായ ഓട്ടുപാറ അബൂബക്കര്‍.

ഇതിനോടകം നാല് അറസ്റ്റ് വാറന്റും അഞ്ച് സമന്‍സുമാണ് അബൂബക്കറിന്റെ പേരില്‍ വീട്ടിലേക്ക് എത്തിയത്. എന്നാല്‍ ഈ കുറ്റകൃത്യങ്ങളുമായി അദ്ദേഹത്തിന് ഒരു പങ്കുമില്ല.

ഒരേ പേരും മേല്‍വിലാസമുള്ള മറ്റൊരാള്‍ ചെയ്യുന്ന കുറ്റങ്ങളാണ് അബൂബക്കറിന്റെ തലയിലായത്. കഴിഞ്ഞ ആറ് വര്‍ഷങ്ങളായി ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു അദ്ദേഹം. അവസാനം തന്റെ അപരനെ കയ്യോടെ പിടിച്ചെങ്കിലും അറസ്റ്റ് വാറന്റില്‍ നിന്ന് രക്ഷപ്പെടാനായില്ല.

ഇത്തവണ എടക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2005ല്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയതിനാണ് പൊലീസ് അബൂബക്കറിനെ തേടി തരിശിലെ വീട്ടിലെത്തിയത്.

അപരന് കൊടുക്കേണ്ട ആധാര്‍ കാര്‍ഡുമായി പോസ്റ്റ്മാന്‍ എത്തിയതോടെയാണ് തന്റെ അതേ പേരും മേല്‍വിലാസവുമുള്ള ഒരാള്‍ തരിശില്‍ തന്നെ താമസിക്കുന്ന വിവരം അബൂബക്കര്‍ അറിയുന്നത്.

മറ്റൊരു സ്ഥലത്തുനിന്നെത്തി കരുവാരകുണ്ടില്‍ വിവാഹം ചെയ്തു താമസിക്കുന്ന ഇയാള്‍ക്കെതിരേ വണ്ടിച്ചെക്ക്, അടിപിടി, മദ്യപിച്ചു ബഹളമുണ്ടാക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കു കേസുകളുണ്ട്.

സമന്‍സും വാറന്റും ലഭിച്ചു പൊറുതിമുട്ടിയ അബൂബക്കറിന്റെ പരാതിയില്‍, അപരനായ അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇനി തന്റെ പേരില്‍ കേസുകള്‍ വരില്ലെന്ന ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും അബൂബക്കറിനെ തേടി എടക്കര സ്റ്റേഷനില്‍നിന്നു പോലീസ് എത്തിയത്. കാര്യങ്ങള്‍ ബോധ്യപ്പെട്ട പോലീസ് മറ്റേ അബൂബക്കറിനു വേണ്ടി വീണ്ടും അന്വേഷണം ആരംഭിച്ചു.

Related posts

Leave a Comment