ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ട്വന്റി20 ലീഗിനിടെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി നടത്തിയ പ്രസ്താവന ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചിരി പടര്‍ത്തുകയാണ്. ലീഗില്‍ പാള്‍ റോക്‌സിന്റെ നായകനായ ഡുപ്ലേസി, നെല്‍സണ്‍ മണ്ഡേല ബേ ജയന്റ്‌സിനെതിരായ മത്സരത്തിനു മുന്നോടിയായി ടോസംഗിനെത്തിയപ്പോഴാണ് രസകരമായ സംഭവം അരങ്ങേറിയത്.
ടോസിങ്ങിനായി ഡുപ്ലേസിയും ബേ ജയന്റ്‌സ് ക്യാപ്റ്റന്‍ ട്രവര്‍ സ്മുട്‌സും ഗ്രൗണ്ടിലെത്തി. ടോസ് നേടിയത് സ്മുട്‌സ്. എന്നാല്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുന്നതായി അറിയിച്ച് സ്മട്‌സ് പവിലിയനിലേക്ക് മടങ്ങി. ഇതേത്തുടര്‍ന്ന് അവതാരകന്‍ ഡുപ്ലേസിയുടെ നേര്‍ക്ക് മൈക്ക് നീട്ടി. ടീമില്‍ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ചോദിച്ചു.
ഒരു മാറ്റമുണ്ട്. വില്‍ജോയന്‍ ഇന്ന് കളിക്കുന്നില്ല. അദ്ദേഹം എന്റെ പെങ്ങള്‍ക്കൊപ്പം കിടക്കയിലാണ്. അവരുടെ വിവാഹം ഇന്നലെയായിരുന്നു.’ഡുപ്ലേസിയുടെ മറുപടി കേട്ട അവതാരകന്‍ പൊട്ടിച്ചിരിയോടെയാണ് പ്രതികരിച്ചത്. വളരെപ്പെട്ടെന്നു തന്നെ ക്രിക്കറ്റ് ലോകത്ത് ഡുപ്ലേസിയുടെ ഈ മറുപടി വൈറലാകുകയും ചെയ്തു.ദക്ഷിണാഫ്രിക്കന്‍ താരം ഹാര്‍ദുസ് വില്‍ജോയനും ഡുപ്ലേസിയുടെ സഹോദരി റെമി റൈനേഴ്‌സും തമ്മില്‍ പ്രണയത്തിലായിരുന്നു. അവരുടെ വിവാഹം മത്സരത്തിന്റെ തൊട്ടുതലേന്നുമായിരുന്നു. വിവാഹത്തിന്റെ പശ്ചാത്തലത്തില്‍ മത്സരത്തിന് വില്‍ജോയന്‍ ഉണ്ടാകില്ലെന്നാണ് ഡുപ്ലെസി അവതാരകനോട് നര്‍മത്തില്‍ ചാലിച്ച് പറഞ്ഞത്.