ജൊഹന്നാസ്ബർഗ്: ഫാഫ് ഡുപ്ലസിസ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പടിയിറങ്ങി. എന്നാൽ, ടീമിനായി തുടർന്നും കളിക്കും. ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (സിഎസ്എ) ഇക്കാര്യം സ്ഥിരീകരിച്ചു.
ഡുപ്ലസിസ് തന്നെയാണ് തന്റെ പടിയിറക്കം അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 ടീമിൽനിന്ന് ഡുപ്ലസിക്ക് വിശ്രമം അനുവദിച്ചപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ക്വിന്റണ്‍ ഡി കോക്ക് ആയിരുന്നു നായകൻ. അതിനാൽ ടീമിന്റെ പുതിയ നായകനായി ക്വിന്റണ്‍ ഡികോക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.
യുവ താരങ്ങൾക്കായി വഴിമാറിക്കൊടുക്കുകയാണെന്നറിയിച്ചാണ് ഡുപ്ലസിസ് പത്രക്കുറിപ്പ് ഇറക്കിയത്. ഓസ്ട്രേലിയയിൽ ഒക്ടോബറിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞേക്കുമെന്നും മുപ്പത്തഞ്ചുകാരനായ ഡുപ്ലെസി വ്യക്തമാക്കി.
ടെസ്റ്റിൽ കഴിഞ്ഞ 14 ഇന്നിംഗ്സിൽ 20.92 ശരാശരി മാത്രമാണ് താരത്തിനുള്ളത്. 65 ടെസ്റ്റും 143 ഏകദിനവും 44 ട്വന്റി-20യും ദക്ഷിണാഫ്രിക്കയ്ക്കായി ഡുപ്ലെസി കളിച്ചിട്ടുണ്ട്.
അതേസമയം, ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരന്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ ഡുപ്ലെസിസും ഉൾപ്പെട്ടു. ഡുപ്ലെസിക്കൊപ്പം കഗിസൊ റബാഡയും ടീമിൽ തിരിച്ചെത്തി. ഡികോക്ക് ആണ് ടീമിന്റെ നായകൻ.