തൊടുപുഴയിലെയും ചെറുതോണിയിലെയും സാധാരണക്കാര്‍ക്ക് ഞെട്ടലുണ്ടാക്കുന്നതായിരുന്നു ആ വാര്‍ത്ത. തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടറെ പോലീസ് പൊക്കിയിരിക്കുന്നു. അതും വ്യാജഡോക്ടറായി വിലസിയതിന്. അലോപ്പതി, ആയുര്‍വേദ ചികിത്സകള്‍ നടത്തിയിരുന്ന തൊടുപുഴ തോയലില്‍ ജോണ്‍(58), ചെറുതോണി ഗാന്ധിനഗര്‍ കോളനിയില്‍ ചമ്പക്കുളത്ത് സുജാത(42)എന്നിവരാണ് അറസ്റ്റിലായത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. സുജാതയുടെ വീട്ടില്‍ നടന്ന റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. പത്താം ക്ലാസ് പോലും പാസാകാത്ത ഇവര്‍ അലോപ്പതി, ആയുര്‍വേദ ചികിത്സകളാണ് നടത്തിയിരുന്നത്. ഇവരുടെ വീട്ടില്‍നിന്ന് സിറിഞ്ചും പല വിധത്തിലുള്ള അലോപ്പതി, ആയുര്‍വേദ മരുന്നുകളുടെ ശേഖരവും പിടിച്ചെടുത്തു.
വാക്ചാതുര്യവും സൗന്ദര്യവും കൈമുതലാക്കിയായിരുന്നു സുജാതയുടെ ചികിത്സകള്‍. ഓരോ പ്രദേശങ്ങളിലും നിരവധി ഏജന്റുമാരെയും ഇവര്‍ നിയോഗിച്ചിരുന്നു. ചെറുപ്പക്കാരായ യുവാക്കളായിരുന്നു ഇവരുടെ ഏജന്റുമാര്‍. രോഗികളെ എത്തിക്കാന്‍ ഇവര്‍ക്ക് കമ്മീഷനും നല്‍കിയിരുന്നതായി നാട്ടുകാരില്‍ ചിലര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. ഇവരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തതില്‍ പലതും കാലാവധി കഴിഞ്ഞതും വ്യാജമരുന്നുകളുമായിരുന്നു. ആയുര്‍വേദ മരുന്നുകളിലും ലേഹ്യം, കുഴമ്പുകള്‍ എന്നിവയിലും വ്യാജ സ്റ്റിക്കറുകള്‍ ഒട്ടിച്ചിരുന്നു. ഇവര്‍ പ്രമേഹം, അപസ്മാരം, ലൈംഗിക രോഗങ്ങള്‍ എന്നിവയ്ക്കാണു കൂടുതലും ചികിത്സ നടത്തിയിരുന്നത്. ഒറ്റമൂലി, നാടന്‍ചികിത്സ എന്നിങ്ങനെയുള്ള പേരുകളിലായിരുന്നു ചികിത്സ. പാവപ്പെട്ട തോട്ടം മേഖലകളിലും ആദിവാസി പ്രദേശങ്ങളിലും അവികസിത സ്ഥലത്തുമായിരുന്നു ചികിത്സ.
സുജാതയുടെ പേരില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി വേറെയും കേസുകളുണ്ട്. ജോണ്‍ പത്താംക്ലാസ് തോറ്റയാളാണ്. സുജാതയ്ക്കും കാര്യമായ വിദ്യാഭ്യാസമില്ല. വ്യാജ ചികിത്സയുടെ സംബന്ധിച്ച് പീരുമേട്, ഉപ്പുതറ, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളില്‍ ഇവരുടെ പേരില്‍ കേസുണ്ട്. സുജാതയുടെ പേരില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ വേറെയും കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു. വിദ്യാഭ്യാസം കുറവുള്ളവരും പാവപ്പെട്ടവരുമായ ആദിവാസികളെയാണ് ഇവര്‍ ചികിത്സിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.