മൂന്നാര്‍: പോലീസ് സ്റ്റേഷനിലെത്തി വാഹനം ആവശ്യപ്പെട്ട വ്യാജ ഐഎഎസ് ട്രെയ്നി അറസ്റ്റില്‍. ചങ്ങനാശേരി തൃക്കൊടിത്താനം ചിറപുരയിടം ഷാഹുല്‍ ഹമീദിന്റെ മകന് മുഹമ്മദ് ഷാമോന്(28) ആണ് പോലീസിന്റെ പിടിയിലായത്. പോലീസ് കണ്ട്രോള് റൂമില്‍ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി ശനിയാഴ്ച വൈകുന്നേരം മൂന്നാര്‍ പോലീസ് സ്റ്റേഷനിലേക്ക് സന്ദേശം വന്നിരുന്നു. ഐഎഎസ് ട്രെയ്നിയായ ഉദ്യോഗസ്ഥന് ഞായറാഴ്ച മൂന്നാര്‍ സന്ദര്‍ശനത്തിനായി എത്തുന്നുണ്ടെന്നും വേണ്ട സൗകര്യങ്ങള്‍ ചെയ്തുനല്കണമെന്നായിരുന്നു ഫോണ്‍ സന്ദേശം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ഒരു ഐപിഎസ് ഓഫിസര്‍ ഒരു പ്രത്യേക കേസ് അന്വേഷിക്കുന്നതിനു മൂന്നാറിലെത്തുമെന്നും വേണ്ട സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നുമായിരുന്നു സന്ദേശം. ഇന്നലെ രാവിലെ ടൗണില്‍നിന്ന് ടാക്സി വിളിച്ചു പൊലീസ് സ്റ്റേഷനില്‍ എത്തിയ ഷാമോന് ഐപിഎസ് ഉദ്യോഗസ്ഥനാണെന്നു സ്വയം പരിചയപ്പെടുത്തി. ഇതോടെ പൊലീസുകാര്‍ സല്യൂട്ട് ചെയ്തു സ്വീകരിച്ചു പ്രധാന കസേരയിലിരുത്തി.
മൂന്നാറിലെ ചിലരുടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുണ്ടെന്നും പോലീസ് വാഹനം നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പോലീസ് വാഹനവും സഹായത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥനെയും വിട്ടുനല്‍കി. ഉച്ചവരെ മാട്ടുപ്പെട്ടി ഉള്‍പ്പെടെ പല സ്ഥലങ്ങളില്‍ പോലീസ് അകമ്പടിയോടെ ചുറ്റിയടിച്ചശേഷം സ്റ്റേഷനില്‍ തിരികെ എത്തി. സംസാരിച്ചു നില്‍ക്കുന്നതിനിടെ പുറത്തിറങ്ങി കാറില്‍നിന്ന് ഒരു മദ്യക്കുപ്പിയുമെടുത്തു സ്റ്റേഷന് പരിസരത്തെ ഒഴിഞ്ഞ സ്ഥലത്തെത്തി കുറച്ച് അകത്താക്കി. യുവാവിന്റെ പെരുമാറ്റത്തില്‍ സംശയംതോന്നിയ എസ്ഐ ജിതേഷ് തിരച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടെങ്കിലും നല്കാന് തയ്യറായില്ല. തുടര്‍ന്ന് മൂന്നാര്‍ ഡിവൈഎസ്പി അനിരുദ്ദന്റെ നേതൃത്വത്തില്‍ പോലീസ് ഇയാളെ ചോദ്യം ചെയ്തതോടെയാണ് വ്യാജ ട്രെയ്നിയാണെന്ന് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ബാഗില്‍ നിന്നും യൂണിഫോമും മറ്റു വ്യാജരേഖകളും കണ്ടെടുത്തിട്ടുണ്ട്.