വിഴിഞ്ഞം: വിഴിഞ്ഞം സമരവും സ്റ്റേഷൻ ആക്രമണവും കൊണ്ട് പൊറുതി മുട്ടിയ വിഴിഞ്ഞം പോലീസിനെ വട്ടംചുറ്റിച്ച് ഒരു മനുഷ്യന്റെ ഡ്യൂപ്ലിക്കറ്റ് അസ്ഥികൂടം.
തലയോട്ടി ഉൾപ്പെടെ മനുഷ്യന്റെ പൂർണമായ അസ്ഥിപഞ്ജരം പ്ലാസ്റ്റിക് പേപ്പറിൽ പൊതിഞ്ഞ് ഓടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് അധികൃതരെ മണിക്കൂറോളം വെള്ളം കുടിപ്പിച്ചത്.
പ്രശ്നബാധിത മേഖലയിൽ കണ്ടെത്തിയ അസ്തികൂടത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങളും നാട്ടിൽ പരന്നു. കോവളം ബൈപാസിൽ വിഴിഞ്ഞത്തിന് സമീപം മുക്കോല പാലത്തിന് അടിയിലായിരുന്നു അസ്ഥികൂടം.
മനുഷ്യന്റെ അസ്ഥികൂടം റോഡുവക്കിൽ കിടക്കുന്നതായ സന്ദേശം വാഹന യാത്രക്കാർ ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് വിഴിഞ്ഞം പോലീസിൽ അറിയിച്ചത്.
കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത പോലീസ് സ്ഥലത്തേക്ക് പാഞ്ഞു. പരിശോധനക്കായി ഫോറൻസിക് വിഭാഗത്തെയും വിളിച്ച് വരുത്തി.
പ്ലാസ്റ്റിക് കവറിൽ കണ്ട അസ്ഥിക്കഷണങ്ങൾ പോലീസ് ഒരു ചാക്കിലാക്കി. എന്നാൽ ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമീക പരിശോധനയിൽ തന്നെ അസ്ഥികൂടത്തെക്കുറിച്ച് സംശയമുണ്ടായി.
തുടർന്ന് വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ച് നടത്തിയ സംശയ നിവാരണത്തിൽ അസ്ഥിക്കഷണങ്ങൾ ഡ്യൂപ്ലിക്കറ്റെന്ന് തെളിഞ്ഞു. ഇതോടെ പോലീസിന് ആശ്വാസമായി.
കോവളം മുതൽ ബൈപാസ് ഗതാഗതത്തിന് തുറന്ന് നൽകിയെങ്കിലും പ്രദേശത്ത് ഇടവിട്ട് സിനിമ സീരിയൽ ഷൂട്ടിംഗ് നടക്കുക പതിവാണ്.
ഇവരിൽ ആരെങ്കിലുമോ അല്ലെങ്കിൽ ശാസ്ത്രമേളാ പ്രദർശനത്തിന് വേണ്ടിയോ നിർമിച്ച് ഉപയോഗശേഷം ഉപേക്ഷിച്ചതാകാമെന്ന് വിഴിഞ്ഞം സിഐ പ്രജീഷ് ശശി പറഞ്ഞു. സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന വസ്തു ബണ്ഡപ്പെട്ടവരുടെ അനുമതിയോടെ മാറ്റുമെന്നും പോലീസ് അറിയിച്ചു.