2013ല്‍ ആത്മഹത്യ ചെയ്ത നടി ജിയാഖാന്റെ കാണാതായ ദുപ്പട്ട തിരിച്ചുകിട്ടി. ആ സമയത്ത് കാണാതെ പോയ ദുപ്പട്ട കലിനയിലെ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. 2013 ജൂണ്‍ മൂന്നിനാണ് ജിയാ ഖാന്‍ ആത്മഹത്യ ചെയ്യുന്നത്. ദുപ്പട്ടയുപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് അന്ന് സിബിഐ കണ്ടെത്തിയിരുന്നു.
ദുപ്പട്ടയുടെ കാര്യം ജിയയുടെ അമ്മ റാബിയ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. സിബിഐ തയ്യാറാക്കിയ ചാര്‍ജ്് ഷീറ്റിലും ദുപ്പട്ടയുടെ പരാമര്‍ശമുണ്ടായിരുന്നു. പോലീസ് ഫോറന്‍സിക് ലാബില്‍ നിന്ന് ദുപ്പട്ട കണ്ടെടുത്തതിനു ശേഷം മാത്രമാണ് ഇതിനെക്കുറിച്ച് സിബിഐ സംസാരിക്കുന്നത് എന്നത് ശ്രദ്ധേയ കാര്യമാണ്. ഇതിനാല്‍ തന്നെ റാബിയയും അവരുടെ അഭിഭാഷകന്‍ സ്വപ്‌നില്‍ ആംബുറും സിബിഐയുടെ ആത്മാര്‍ഥതയില്‍ സംശയമുന്നയിക്കുകയാണ്.
പ്രധാന തെളിവ് കാണാതായതിനെത്തുടര്‍ന്ന് ബോംബൈ ഹൈക്കോടതി ഈ കേസിന്റെ വിചാരണ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ദുപ്പട്ട തിരികെ കിട്ടിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച വാദം പുനരാരംഭിക്കും. സിബിഐ പരിശോധനയ്ക്കായി ദുപ്പട്ട വിദഗ്ധസമിതിയ്ക്കു കൈമാറിയില്ലെന്നാണ് റാബിയയുടെ അഭിഭാഷകന്‍ സ്വപ്‌നില്‍ ആംബുര്‍ പറയുന്നത്. അതുകൊണ്ടാണ് വിദഗ്ധസമിതിയ്ക്ക് ഒരു നിഗമനത്തിലെത്താന്‍ ഇതുവരെ കഴിയാഞ്ഞതെന്നും ആംബുര്‍ പറയുന്നു.
എന്നാല്‍ ദുപ്പട്ടയുള്‍പ്പെടെയുള്ള തെളിവുകള്‍ സമര്‍പ്പിച്ചുകൊണ്ട് ഫോറന്‍സിക് ലാബിനു കത്തെഴുതിരുന്നെന്നും അവരില്‍ നിന്ന് മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നുമാണ് സിബിഐയിലെ ഒരു ഉദ്യേഗസ്ഥന്‍ പറഞ്ഞത്. സിബിഐ ഫോറന്‍സിക് ലാബിന് കത്തെഴുതിയെങ്കില്‍ എന്തുകൊണ്ടിത് കോടതിയെ അറിയിച്ചില്ലെന്നാണ് ആബുര്‍ ചോദിക്കുന്നത്. ദുപ്പട്ട പരിശോധിക്കാതെ എന്തുകൊണ്ട് സിബിഐ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചെന്നും ഇദ്ദേഹം ചോദിക്കുന്നു.
ദുപ്പട്ടയൊഴികെ സംഭവ സ്ഥലത്തു നിന്ന് പോലീസ് കൊണ്ടുവന്ന എല്ലാ തെളിവുകളും പരിശോധനയ്ക്കു ശേഷം മടക്കിയേല്‍പ്പിച്ചുവെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബിലെ ഒരു ശാസ്ത്രജ്ഞന്‍ പറയുന്നത്. എന്നാല്‍ ദുപ്പട്ടയില്‍ കണ്ട ചോരക്കറയും പറ്റിപ്പിടിച്ചിരുന്ന മുടിയും ഒരാളുടെ തന്നെയാണോ എന്നു നോക്കേണ്ടതിനാല്‍ അത് ഫോറന്‍സിക് അനാലിസിസിന് അയച്ചുവെന്നും ഇയാള്‍ പറയുന്നു. പ്രധാനമായും മരിച്ചയാളുടെ ഭാരം താങ്ങാന്‍ ദുപ്പട്ടയ്ക്കു കഴിയുമോയെന്നാണ് നോക്കേണ്ടിയിരുന്നതെന്നും ഇദ്ദേഹം പറഞ്ഞു. എന്തായാലും ദുപ്പട്ട കിട്ടിയതോടെ കേസ് പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.