പാലക്കാട് : കാഴ്ച്ച നഷ്ടപ്പെട്ട അച്ഛനൊപ്പം ലോട്ടറി വില്പന നടത്തിയ ദുർഗാലക്ഷ്മിക്കു വീട് എന്ന സ്വപ്നം യാഥാർഥ്യമായി. ചങ്ങനാശ്ശേരിയിലെ പ്രത്യാസ ഡയറക്ടർ ഫാ.സെബാസ്റ്റ്യന്റെ നേതൃത്വത്തിലാണ് സ്നേഹഭവനം ഒരുങ്ങിയത്. വീടിന്റെ താക്കോൽദാനം ഇന്നുരാവിലെ പതിനൊന്നിനു നടക്കും.
അവയവദാന രംഗത്തു കാരുണ്യപ്രവർത്തനം നടത്തുന്ന സംഘടനയാണ് കോട്ടയം ചങ്ങനാശേരിയിലെ പ്രത്യാശ. കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തന ശൃംഖലയുള്ള പ്രത്യാശ ഇതിനകം 41 കോടിയുടെ കാരുണ്യപ്രവർത്തനമാണ് നടത്തിയിട്ടുള്ളത്.
159 പഞ്ചായത്തുകളിലായി 168 പേർക്കു സഹായഹസ്തമെത്തിച്ചു നൽകി. ഇതിനിടെയാണ് മാധ്യമങ്ങളിലൂടെ ദുർഗാലക്ഷ്മിയുടെ കദനകഥ അറിയുന്നത്.
സുനിൽ മാത്യൂസ് സുപ്രിയ കണ്‍സ്ട്രക്ഷൻസിന്റെ സഹായത്തോടെയാണ് വള്ളിക്കോട് വാർക്കാട് ഭാഗത്ത് 650 സ്ക്വയർ ഫീറ്റിൽ ദുർഗാല്ക്ഷ്മിയ്ക്ക് വീടൊരുങ്ങിയത്.
ഏകദേശം നാലു വർഷങ്ങൾക്ക് മുൻപാണ് ദുർഗാലക്ഷ്മിയുടെ അവസ്ഥ ദീപികയിലൂടെ പുറം ലോകം അറിയുന്നത്.കാഴ്ച്ച നഷ്ടപ്പെട്ട കുമാരന്റെയും സുഭാഷിണിയുടെയും മകളായ ദുർഗാലക്ഷമി 2016ൽ സ്കൂൾ വിദ്യാർഥിയായിരിക്കുന്പോഴാണ് അച്ഛനോടൊപ്പം ലോട്ടറി വില്‍പ്പനയ്ക്കായി കൂടെ കൂടിയത്.
സ്കൂൾ വിട്ടുകഴിഞ്ഞാൽ യൂണിഫോം പോലും മാറാതെയാണ് ദുർഗാ ലക്ഷ്മി ലോട്ടറി വില്‍പ്പനക്കായി ഇറങ്ങിയിരുന്നത്. ദാരിദ്രവും അന്ധതയും നിറഞ്ഞ ജീവിത്തിൽ നാലു സെന്റ് സ്ഥലത്ത് ഷെഡ് കെട്ടിയാണ് ആ കുടുംബം മുന്നോട്ട് പോയിരുന്നത്.
ഭവനമെന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ബിരുദ വിദ്യർത്ഥിവിയായ ദുർഗാലക്ഷ്മിയും കുടുംബവും.