പാലക്കാട്: യുവചിത്രകാരി ദുർഗ്ഗാമാലതിക്കെതിരായ ആക്രമണം അങ്ങേയറ്റം നിന്ദ്യവും അപലപനീയവുമാണെന്ന് എം.ബി.രാജേഷ് എംപി പറഞ്ഞു.കത്വാ ബലാത്സംഗത്തിനെതിരെ താൻ വരച്ച ഹൃദയസ്പർശിയായ ചിത്രത്തിലൂടെ ദുർഗ്ഗ രൂക്ഷമായി പ്രതികരിച്ചതിന്റെ പ്രതികാരമായാണ് ദുർഗ്ഗാമാലതിയുടെ വീട് കഴിഞ്ഞദിവസം അർദ്ധരാത്രിക്ക് ശേഷം ആക്രമിക്കപ്പെട്ടത്.
വീടിന്റെ ജനൽച്ചില്ലുകളും വീട്ടിൽ നിർത്തിയിട്ട വാഹനങ്ങളും തല്ലിത്തകർത്തു.ചിത്രം സംഘപരിവാറിനെ പ്രകോപിപ്പിച്ചിരുന്നു.ദുർഗ്ഗയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച് സമൂഹ മാധ്യമങ്ങളിലൂടെ അവരെ അപമാനിതയാക്കാൻ സംഘപരിവാർ പ്രൊഫൈലുകൾ സംഘടിതമായ ശ്രമം നടത്തിയതാണ്.
അതിനെതിരെ ദുർഗ്ഗ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സാംസ്കാരിക പ്രവർത്തകരും സംഘടനകളുമെല്ലാം ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് അർദ്ധരാത്രി വീടാക്രമണം ഉണ്ടായത്.അപമാനിക്കാൻ നടത്തിയ ശ്രമത്തിന്റെ തുടർച്ചയായി വേണം വീടാക്രമണത്തെയും കാണാൻ.
ദുർഗ്ഗയുടെ കൈവെട്ടുമെന്നും ജീവനെടുക്കുമെന്നും വരെ ഭീഷണി ഉയർന്നിരിക്കുന്നു. യുവചിത്രകാരിയെ അപമാനിച്ചും വധഭീഷണി മുഴക്കിയും വീടാക്രമിച്ചും നിശ്ശബ്ദയാക്കാനുള്ള ശ്രമം ഒരിക്കലും അംഗീകരിക്കാനാവില്ല.
ഉത്തരേന്ത്യൻ മാതൃകയിലുള്ള ആക്രമണങ്ങൾ സംഘപരിവാർ കേരളത്തിലും ആരംഭിച്ചിരിക്കുന്നു എന്നാണിത് കാണിക്കുന്നത്. രണ്ട് കേസിലേയും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറാവണമെന്നും എം.ബി.രാജേഷ് എംപി ആവശ്യപ്പെട്ടു.