അന്നും നിഥാരി ഉണർന്നത് നിലവിളിയോടെയായിരുന്നു. ഒരു കുട്ടിയെക്കൂടി കാണാതായിരിക്കുന്നു. ഭീതി ഒാരോ കുടുംബങ്ങളെയും പുണർന്നു. കാണാതായ കുട്ടികളുടെ ചിത്രങ്ങളിൽ നോക്കി മാതാപിതാക്കൾ മാറത്തടച്ചു നിലവിളിച്ചു.
ചിലർ കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചു പൊട്ടക്കരഞ്ഞു. അവരെ പുറത്തേക്കു വിടാൻ അവർ പേടിച്ചു. രാത്രിയിൽ കുഞ്ഞുങ്ങൾക്ക് അവർ കാവലിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിലുള്ള നിഥാരി ഗ്രാമത്തിലെ കുടുംബങ്ങൾക്ക് കുറെക്കാലമായി ഭീതിയുടെയും ആശങ്കയുടെയും ദിനങ്ങളാണ്.
ഗ്രാമത്തിലെ കുട്ടികളെ കാണാതാകുന്നു എന്നതാണ് സംഭവം. അവർ എവിടേക്കു പോകുന്നതാണ്? ഒളിച്ചോടിയതാണോ? നാടു വിട്ടതാണോ? അതോ ആരെങ്കിലും കുട്ടികളെ തട്ടിയെടുക്കുന്നതാണോ? ഒന്നിനു പിറകെ മറ്റൊന്നായി പരാതികൾ എത്തുന്പോൾ പോലീസിനും ഒരെത്തുംപിടിയും കിട്ടിയില്ല.
എവിടെപ്പോയി കുട്ടികൾ?
ഇരുപതോളം കുട്ടികളെ കാണാതായതായി ഏതാനും വർഷങ്ങൾക്കുള്ളിൽ പരാതി വന്നു. മാതാപിതാക്കളുമായി വളരെ സ്നേഹത്തിലും അടുപ്പത്തിലും കഴിഞ്ഞിരുന്ന കുട്ടികളെയും കാണാതായതോടെ എല്ലാവരും ഉറപ്പിച്ചു, കുട്ടികൾ നാടുവിട്ടു പോകുന്നല്ല, ഇതിനു പിന്നിൽ ഇനിയും പുറത്തുവരാത്ത എന്തോ ഒരു ദുരൂഹതയുണ്ട്.
നാനാവശത്തുനിന്നും അധികാരികളിൽനിന്നും സമ്മർദം ശക്തമായതോടെ പോലീസും അന്വേഷണം ത്വരിതപ്പെടുത്തി. നഷ്ടമായ മക്കൾ എന്നെങ്കിലും തിരികെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു ഗ്രാമവാസികളിൽ പലരും.
തലയോട്ടികളും അസ്ഥികളും
അങ്ങനെയിരിക്കെ ഗ്രാമവാസികളെ ഞെട്ടിച്ചുകൊണ്ട് ഒരു വാർത്ത. നിഥാരിയിലെ മുനിസിപ്പിലാറ്റി വാട്ടർ ടാങ്കിനു സമീപത്തുനിന്നു കുറെ തലയോട്ടികളും അസ്ഥികളും മറ്റുമൊക്കെ കണ്ടെത്തി. കേട്ടവർ കേട്ടവർ അവിടേക്കു പാഞ്ഞു. കുട്ടികളെ നഷ്ടമായ കുടുംബങ്ങളുടെ നെഞ്ചിൽ തീക്കനൽപോലെയാണ് ആ വാർത്ത വന്നു പതിച്ചത്.
പോലീസ് ഇരച്ചെത്തി, വൻ സന്നാഹങ്ങളും. ആശങ്കയുടെയും അടക്കം പറച്ചിലുകളുടെയും ഇടയിൽ 17 മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ അവിടെനിന്നു കണ്ടെടുത്തു.
നോയിഡ സെക്ടർ 31ലെ മൊഹീന്ദർ സിംഗ് പാന്ഥറുടെ വീടിനു പിന്നിലുള്ള വാട്ടർ ടാങ്കിനു സമീപത്തുനിന്നുമാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ വാർത്ത വൻ പ്രധാന്യം നേടി. ദേശീയ മാധ്യമങ്ങളടക്കം അവിടേക്കു കുതിച്ചെത്തി.
ആരാണ് മരിച്ചവർ? കൊന്നതാണോ? പഴയ കൂട്ടക്കുഴിമാടമാണോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളും അന്വേഷണങ്ങളും തകൃതിയായി.
(തുടരും)