ന്യൂജന് വിവാഹ ഫോട്ടോഷൂട്ടുകളുടെ വര്ഷമാണ് കടന്നു പോയത്. സോഫ്റ്റ് പോണ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടുകള് വലിയ വിമര്ശനങ്ങള്ക്കും വഴിവെച്ചു. കേരള ഫോട്ടോഷൂട്ടുകള് രാജ്യാന്തര മാധ്യമങ്ങളില് വരെ വാര്ത്തയായി.
എന്നാല് 2020ല് ഒരു വ്യത്യസ്ഥമായ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ടാണ് ആളുകളെ വിസ്മയിപ്പിക്കുന്നത്. വിവാദങ്ങള് ഒഴിവാക്കാനായി പഴമയിലേക്ക് തിരിച്ചു പോയി ഫോട്ടോഷൂട്ട് നടത്താം എന്നാണ് ഹാഗി ആഡ്സ് വെഡ്ഡിങ് കമ്പനി തീരുമാനിച്ചത്. ഇതിനായി വധൂവരന്മാരെ പുരാണ കഥാപാത്രങ്ങളായ ദുഷ്യന്തനും ശകുന്തളയുമാക്കിയാണ് ഫോട്ടോഷൂട്ട് നടത്തിയത്.
രാജാവിന്റെയും മുനി കുമാരിയുടെയും രീതിയില് വസ്ത്രം ധരിച്ച്, മനസ്സില് പതിഞ്ഞ രംഗങ്ങള് പകര്ത്തുകയായിരുന്നു. കാലില് മുള്ളു കൊള്ളുന്നതും ദുഷ്യന്തനും വെള്ളം നല്കുന്നതും പ്രണയത്താല് നാണിച്ചു നില്ക്കുന്നതുമായ ദൃശ്യങ്ങളാണ് പകര്ത്തിയത്. മനോഹരമായ ഈ പ്രീവെഡ്ഡിങ് ഷൂട്ട് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടുകയാണ്.
ഫോട്ടോഷൂട്ടിലെ നായകനും വരനുമായ ജിനു കായംകുളം സ്വദേശിയാണ്. കാനഡയില് സിവില് എന്ജിനീയറാണ്.വധു ആരതി തിരുവനന്തപുരം സ്വദേശിയാണ്. എറണാകുളത്തെ ഹരിപ്പാട് കേന്ദ്രമായി പ്രവര്ത്തിക്കുന്ന ഹാഗി ആഡ്സ് കമ്പനിക്കു വേണ്ടി അജിത് ചവറയാണ് ചിത്രങ്ങള് പകര്ത്തിയത്.
എല്ലാവര്ക്കും ആസ്വദിക്കാനാവുന്ന തരത്തില്, വിവാദങ്ങള്ക്ക് സ്ഥാനം കൊടുക്കാതെ ഒരു മനോഹരമായ ഫോട്ടോഷൂട്ട് എന്ന ചിന്തയാണ് ഇത്തരമൊരു ആശയത്തിനു പിന്നിലെന്നാണ് സ്റ്റുഡിയോ അധികൃതര് പറയുന്നത്.തിരുവനന്തപുരത്തെ കരമനയാറിന്റെ തീരമാണ് ഫോട്ടോഷൂട്ടിന്റെ ലൊക്കേഷന്. ശാകുന്തളം എന്ന പേരില് ഇവരുടെ സേവ് ദ് ഡേറ്റ് വിഡിയോയും ഒരുക്കിയിട്ടുണ്ട്.