കോവിഡ് കാരണം നിരവധി കായികമേളകളാണ് മാറ്റിവച്ചത്. ടി20 ലോകകപ്പും ഇതില്‍ ഉള്‍പ്പെടും. ടൂര്‍ണമെന്റുകള്‍ ഇല്ലാത്തതിനാല്‍ ജീവിക്കാനായി ഡെലിവെറി ബോയി ആയിരിക്കുകയാണ് നെതര്‍ലാന്‍ഡിലെ യുവ ക്രിക്കറ്റര്‍.
കോവിഡ് കാരണം 2020ല്‍ ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചതോടെയാണ് പോള്‍ വാന്‍ മീക്കിരന്‍ എന്ന ഡച്ച് താരം ജീവിക്കാനായി ‘ഊബര്‍ ഈറ്റ്സ്’ല്‍ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്.
കൊറോണ കാരണം ട്വന്റി20 ലോകകപ്പ് മാറ്റിവെച്ചില്ലായിരുന്നെങ്കില്‍ ഫൈനല്‍ നടക്കേണ്ടിയിരുന്നത് എന്ന കുറിപ്പോടെ ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോ പങ്കുവെച്ച ട്വീറ്റിന് താഴെയാണ് നെതര്‍ലാന്‍ഡ്സ് താരമായ പോള്‍ വാന്‍ തന്റെ കഷ്ടപ്പാട് വ്യക്തമാക്കുന്ന കുറിപ്പ് റീട്വീറ്റ് ചെയ്തത്.
”ഇന്ന് ക്രിക്കറ്റ് നടക്കേണ്ടിയിരുന്നു. ഇപ്പോള്‍ ഈ ശൈത്യകാലത്ത് ഞാന്‍ ജീവിക്കാനായി ഊബര്‍ ഈറ്റ്സ് വിതരണം ചെയ്യുകയാണ്. കാര്യങ്ങള്‍ എങ്ങനെ മാറുന്നുവെന്നത് രസകരമാണ്. പുഞ്ചിരിക്കുന്നത് തുടരുക.”താരത്തിന്റെ മറുപടി ട്വീറ്റിങ്ങനെ.
പോളിന്റെ ട്വീറ്റ് ചര്‍ച്ചയായതോടെ ഐസിസി വന്‍തോക്കുകളായ രാജ്യങ്ങളിലെ കളിക്കാരെ പരിഗണിക്കുന്നപോലെ അസോസിയേറ്റ് രാജ്യങ്ങളിലെ കളിക്കാരെയും പരിഗണിക്കണമെന്ന് നിരവധിപേര്‍ ആവശ്യപ്പെടുകയാണ്.
ഫാസ്റ്റ് ബൗളറായ പോള്‍ വാന്‍ മാകീരന്‍ 5 ഏകദിനങ്ങളിലും 41 ട്വന്റി 20യിലും നെതര്‍ലന്‍ഡിനായി കളത്തിലിറങ്ങിയിട്ടുണ്ട്.
അതേസമയം, ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ മാറ്റിവെച്ചെങ്കിലും ഇന്ത്യയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും അടക്കമുള്ള ക്രിക്കറ്റ് വമ്പന്മാരുടെ കളിക്കാര്‍ ഐപിഎല്ലിലൂടെയും മറ്റു ട്വന്റി 20 ലീഗുകളിലൂടെയും മറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചും കളിതുടരുകയാണ്.
പക്ഷെ, ഐസിസിയിലെ അസോസിയേറ്റ് രാജ്യങ്ങളിലെ കളിക്കാരുടെ അവസ്ഥ നേരെ തിരിച്ചാണ്. അവര്‍ക്ക് ടൂര്‍ണമെന്റുമില്ല വരുമാനവുമില്ല.
മാത്രമല്ല, ശൈത്യകാലങ്ങളില്‍ നെതര്‍ലാന്‍ഡ്്‌സില്‍ ക്രിക്കറ്റ് കളിക്കുക എന്നത് പ്രയാസമേറിയതുമാണ്. ക്രിക്കറ്റിന് പ്രചാരം കുറഞ്ഞ നെതര്‍ലാന്‍ഡ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ താരങ്ങളുടെ അവസ്ഥ ഐസിസി പരിഗണിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
ഐസിസി ട്വന്റി20 ലോകകപ്പില്‍ മുന്‍നിരയിലുള്ള 10 ടീമുകള്‍ക്കൊപ്പം നെതര്‍ലാന്‍ഡ്സ്, പാപ്പുവ ന്യൂ ഗിനിയ, അയന്‍ലാന്‍ഡ്, സ്‌കോട്ലാന്‍ഡ്, നമീബിയ, ഒമാന്‍ എന്നീ ആറുടീമുകള്‍ കൂടി ഇത്തവണ ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടിയിരുന്നു. മാറ്റിവെച്ച ടൂര്‍ണമെന്റ് അടുത്ത വര്‍ഷം നടക്കും.