മിലാന്/മ്യൂണിക്: ഡച്ച് ക്ലബ് ഫെയ്നൂര്‍ഡ് റോട്ടര്‍ഡാം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2024-25 സീസണ് പ്രീക്വാര്‍ട്ടറില്‍. ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാനെ പ്രീക്വാര്‍ട്ടര്‍ യോഗ്യതാ പ്ലേ ഓഫില്‍ കീഴടക്കിയാണ് ഫെയ്നൂര്‍ഡ് റോട്ടര്‍ഡാം അവസാന 16ല്‍ ഇടംപിടിച്ചത്.
എസി മിലാന്റെ മൈതാനത്തു നടന്ന രണ്ടാംപാദ പ്ലേ ഓഫില്‍ 1-1 സമനില നേടി ഡച്ച് ടീം ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കരസ്ഥമാക്കി. ആദ്യപാദത്തില്‍ ഫെയ്നൂര്‍ഡ് 1-0നു ജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 2-1നാണ് പ്ലേ ഓഫില്‍ മിലാന്റെ തോല്‍വി. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ എസി മിലാന് നോക്കൗട്ട് ഘട്ടത്തില്‍ ഡച്ച് കബ്ബുകളോട് പരാജയപ്പെട്ടു പുറത്താകുന്നത് രണ്ടാം തവണയാണ്. 1994-95ല്‍ അയാക്സിനോടു പരാജയപ്പെട്ടും മിലാന് നോക്കൗട്ടില്‍ പുറത്തായിരുന്നു.
ബയേണ്‍ രക്ഷപ്പെട്ടു
പ്ലേ ഓഫില്‍ ജര്‍മന്‍ ശക്തികളായ ബയേണ്‍ മ്യൂണിക് സ്കോട്ടിഷ് ക്ലബ്ബായ സെല്‍റ്റിക്കിനെ കീഴടക്കി അവസാന 16ലേക്കു മുന്നേറി. ഇരുപാദങ്ങളിലുമായി 3-2നായിരുന്നു ബയേണിന്റെ ജയം. മ്യൂണിക്കില്‍ നടന്ന രണ്ടാം പാദത്തില്‍ ബയേണും സെല്‍റ്റിക്കും 1-1 സമനിലയില്‍ പിരിഞ്ഞു. ആദ്യപാദത്തില്‍ ബയേണ്‍ 2-1ന്റെ ജയം നേടിയിരുന്നു.
ബെല്‍ജിയത്തില്‍നിന്നുള്ള ക്ലബ് ബ്രൂഗ്, പോര്‍ച്ചുഗലില്‍നിന്നുള്ള ബെന്‍ഫിക ടീമുകളും പ്രീക്വാര്‍ട്ടറില്‍ ഇടം നേടി. ബ്രൂഗ് ഇറ്റലിയില്‍നിന്നുള്ള അത്ലാന്റയെ ഇരുപാദങ്ങളിലുമായി 5-2നും ബെന്‍ഫിക ഫ്രഞ്ച് ടീം എഎസ് മൊണാക്കോയെ 4-3നും കീഴടക്കിയാണ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചത്.