ആലപ്പുഴ: കുട്ടനാടിന്റെ കായൽ സൗന്ദര്യം ആസ്വദിക്കാനായി നെതർലാൻഡ് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും ഇന്നെത്തും. കുട്ടനാട്ടിലെ കായൽ യാത്ര ആസ്വദിക്കാനാണ് രാജാവും രാജ്ഞിയും എത്തുന്നത്. 50 മിനിറ്റ് നീളുന്ന കായൽ യാത്രയാണ് ആലപ്പുഴയിൽ ഒരുക്കിയിട്ടുള്ളത്.
ഫിനിഷിംഗ് പോയിന്റിൽ നിന്നും ആരംഭിച്ച് എസ്എൻ ജെട്ടി വഴി തിരികെ ഫിനിഷിംഗ് പോയിന്റിൽ എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, ജില്ല കളക്ടർ ഡോ. അദീല അബ്ദുള്ള, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത, ജില്ല പോലീസ് മേധാവി കെ.എം. ടോമി, നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിക്കും.
ഫിനിഷിംഗ് പോയിന്റിൽ വന്നിറങ്ങുന്ന സംഘത്തെ സ്വീകരിക്കാനായി പ്രത്യേകം താലപ്പൊലിയേന്തിയ 10 പേരുടെ സംഘം, വേലകളി സംഘം, എന്നിവരെ തയാറാക്കിയിട്ടുണ്ട്. തുടർന്ന് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 20 കുട്ടികൾ ചേർന്ന് സ്വീകരിക്കും.
ഇവരിൽ ഒരാൾ രാജ്ഞിക്ക് ബോക്കെ കൊടുക്കും. കായൽ യാത്രയ്ക്കിടയിൽ നിശ്ചിത സമയം ബോട്ടിന്റെ മുകളിൽ എത്തി രാജാവും രാജ്ഞിയും ജനങ്ങളെ അഭിവാദ്യം ചെയ്യും. നെതർലാൻഡ് രാജാവ് വില്യം അലക്സാണ്ടറുടെ കുട്ടനാട് സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ഉച്ചവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
വരവേൽക്കാൻ ഒരുങ്ങി ആലപ്പുഴ
ആലപ്പുഴ: നെതർലാൻഡ് രാജാവിനെയും രാജ്ഞിയെയും വരവേൽക്കാൻ ജില്ല പൂർണ സജ്ജമായി. വ്യാഴാഴ്ച വിവിഐപി. വിസിറ്റിന് മുന്നോടിയായുള്ള സുരക്ഷയുമായി ബന്ധപ്പെട്ട റിഹേഴ്സൽ പൂർത്തിയാക്കി. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയുടെയും ജില്ലാ പോലീസ് മേധാവി കെ.എം.ടോമിയുടെയും സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു റിഹേഴ്സൽ. രാവിലെ 9.15 ന് ആരംഭിച്ച റിഹേഴ്സൽ ഉച്ചയോടെ പൂർത്തിയായി. രാജാവിനെയും രാജ്ഞിയെയും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം ദേശീയ പാത 66 വഴി ഫിനിഷിംഗ് പോയിന്റിൽ 9.15 ഓടെ എത്തിച്ചേരും.
വഴിയോരത്ത് ഇരുരാജ്യങ്ങളുടെയും പതാക
ആലപ്പുഴ: രാജാവും രാജ്ഞിയും സഞ്ചരിക്കുന്ന പാതയോരത്ത് ദേശീയ പാതയിൽ ഇരുരാജ്യങ്ങളുടെയും പതാക സ്ഥാപിച്ചിട്ടുണ്ട്. ഫിനിഷിംഗ് പോയിന്റിലേക്കുള്ള വഴിയോരത്തും കായൽ യാത്ര ചെയ്യുന്ന കരകളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഇരു രാജ്യങ്ങളുടെയും ചെറു കൊടികൾ കുടുംബശ്രീ പ്രവർത്തകരും വിദ്യാർഥികളും കൈയിലേന്തി ആദരവോടെ വരവേൽക്കും.
കായലിലെ യാത്രാവ്യൂഹത്തിൽ 11 യാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഫിനിഷിംഗ് പോയിന്റിൽ മാധ്യമങ്ങൾക്കും മെഡിക്കൽ സംഘത്തിനും പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. പുറമേ മൊബൈൽ ആംബുലൻസും യാത്രാവ്യൂഹത്തിൽ ഒരുക്കി. ഏതെങ്കിലും അടിയന്തര സാഹചര്യത്തിൽ വിവിഐപിയെ യാനത്തിൽ നിന്ന് ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ ഒഴിപ്പിക്കാനായി പ്രത്യേകം സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
ഇവിടെയും വാഹനങ്ങൾ, ആംബുലൻസ്, ഫയർഫോഴ്സ് , അഞ്ചു പോലീസ് വാഹനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഫിനിഷിംഗ് പോയിന്റ് കൂടാതെ പുഞ്ചിരിജെട്ടിയിലും കുപ്പപ്പുറം ജെട്ടിയിലും മാധ്യമങ്ങൾക്കായി പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്.