കാപ്പിക്കപ്പുമായി നടന്നുപോകുമ്പോള്‍ അബദ്ധത്തില്‍ കൈയില്‍ നിന്ന് കപ്പ് താഴെ വീണാല്‍ നിങ്ങള്‍ എന്തുചെയ്യും? അവിടം ക്ലീന്‍ ചെയ്യുന്ന ജോലിക്കാരെ വിളിക്കുമോ അതോ നിങ്ങള്‍ തന്നെ വൃത്തിയാക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തര്‍ക്കും അവരവരുടെ സ്വഭാവത്തിനും മനോഭാവത്തിനും അനുസരിച്ച് വ്യത്യസ്തമായിരിക്കും.
എന്നാല്‍ ഡച്ച് പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് ഇക്കാര്യത്തില്‍ കുറച്ച് വ്യത്യസ്തനാണ്. പാര്‍ലമെന്റ് ഹാളിലൂടെ നടന്നുവരുമ്പോള്‍ മാര്‍ക്ക് റൂട്ടിന്റെ കൈയില്‍ നിന്ന് കപ്പ് മറിഞ്ഞ് കാപ്പി തറയില്‍ തൂവി. പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് വളരെ കൂളായി അടുത്ത കാപ്പി ഓര്‍ഡര്‍ ചെയ്ത് നടന്ന് നീങ്ങിയാല്‍ മാത്രം മതിയായിരുന്നു. പക്ഷേ അതേത്തുടര്‍ന്ന് അദ്ദേഹം ചെയ്ത കാര്യമാണ് ഇപ്പോള്‍ അദ്ദേഹത്തെ മഹത്വമുള്ള വ്യക്തിയാക്കിയിരിക്കുന്നത്. കാപ്പി തറയില്‍ വീണയുടനേ, അദ്ദേഹം ഒട്ടും അമാന്തിക്കാതെ പാര്‍ലമെന്റ് ഹാളിന്റെ തറ ക്ലീന്‍ ചെയ്യാന്‍ ആരംഭിച്ചു.
അവിടെ ക്ലീനിംഗ് ജോലി ചെയ്യുന്ന വനിതകള്‍ കരഘോഷത്തോടെയാണ് ഈ കാഴ്ച കണ്ടുകൊണ്ടുവന്നത്. ഈ ജോലിയും പ്രധാനമന്ത്രി ആസ്വദിച്ചാണ് ചെയ്തതെന്ന് ഇതിന്റെ വീഡിയോ വ്യക്തമാക്കുന്നു. കാരണം, തറ വൃത്തിയാക്കുന്നതിനിടയില്‍ പോലും ജോലിക്കാരോട് സംസാരിക്കുന്നതും അവരോട് സംശയങ്ങള്‍ ചോദിക്കുന്നതും അവരില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നതും ദൃശ്യമാണ്.
വീഡിയോ ലോകം മുഴുവന്‍ വൈറലായതോടെ എല്ലാവരും അവരവരുടെ ദേശങ്ങളിലെ നേതാക്കളുമായി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ താരതമ്യം ചെയ്യുകയാണ്. ഞങ്ങളുടെ രാജ്യത്തെ നേതാക്കളില്‍ നിന്ന് ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടാകുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ സാധിക്കില്ലെന്നാണ് ഭൂരിഭാഗം ഇന്ത്യക്കാരും സോഷ്യല്‍മീഡിയകളിലൂടെ അഭിപ്രായപ്പെടുന്നത്.
https://youtu.be/AqNxy0YSu9k