തുര്‍ക്കിയിലും സിറിയയിലും വന്‍ദുരന്തം വിതച്ച ഭൂകമ്പത്തിനു പിന്നാലെ ചര്‍ച്ചയായി ഡച്ച് ഗവേഷകന്റെ പ്രവചനം.
നെതര്‍ലാന്‍ഡ്സിലെ ആംസ്റ്റര്‍ഡാം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ (എസ്.എസ്.ജി.ഇ.ഒ.എസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സിന്റെ പ്രവചനമാണ് ചര്‍ച്ചയാവുന്നത്.
ഉടനെയോ കുറേക്കൂടി കഴിഞ്ഞോ മധ്യ-തെക്കന്‍ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന് എന്നിവിടങ്ങളില്‍ റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടാവാമെന്നായിരുന്നു ഹൂഗര്‍ബീറ്റ്സിന്റെ പ്രവചനം.
ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്റെ പ്രവചനം. ട്വിറ്ററില്‍ തന്റെ പ്രവചനം ഹൂഗര്‍ബീറ്റ്സ് പ്രസിദ്ധപ്പെടുത്തിയെങ്കിലും കാര്യമായ ശ്രദ്ധനേടിയിരുന്നില്ല.
ഈ പ്രവചനത്തിനു പിന്നാലെ ഹൂഗര്‍ബീറ്റ്സ് വ്യാജ ശാസ്ത്രജ്ഞനാണെന്ന തരത്തിലുള്ള പ്രതികരണവും പല ഭാഗത്തുനിന്നുണ്ടായി.
എന്നാല്‍, പ്രവചനം പുറത്ത് വന്ന് മൂന്നാം ദിവസം തിങ്കളാഴ്ചയാണ് തുര്‍ക്കിയേയും സിറിയയേയും സാരമായി ബാധിച്ച ഭൂചലനമുണ്ടായത്.
ഭൂചലനത്തെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ 5,000ത്തിലേറെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു ആദ്യ ഭൂചലനമുണ്ടായത്. 7.8 തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷം തിങ്കളാഴ്ച തന്നെ രണ്ടു ചലനങ്ങള്‍ കൂടെയുണ്ടായി.
തുടര്‍ചലനങ്ങള്‍ കൂടാതെയാണിത്. 7.5 തീവ്രത റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയതായിരുന്നു അതിലൊന്ന്.
സോളാര്‍ സിസ്റ്റം ജോമെട്രി സര്‍വേയിലെ ഗവേഷകനെന്നാണ് ഹൂഗര്‍ബീറ്റ്സ് ട്വിറ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഭൂമിയുടെ ചലനവുമായി ബന്ധപ്പെട്ട് ആകാശഗോളങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സ്ഥാപനമാണിത്.
2015-ല്‍ കാലിഫോര്‍ണിയയില്‍ പ്രവചിച്ച ഭൂചലനം സംഭവിക്കാതിരുന്നതിന് പിന്നാലെ, താന്‍ വെറും ശാസ്ത്രത്തെ പിന്തുടരുന്ന ഒരാള്‍ മാത്രമാണെന്നും തനിക്ക് ബിരുദയോഗ്യതങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, ഫെബ്രുവരി നാല് മുതില്‍ ആറ് വരെയുള്ള ദിവസങ്ങളില്‍ റിക്ടര്‍ സ്കെയിലില്‍ ആറിനോട് അടുത്ത് തീവ്രതയുള്ള ഭൂചലങ്ങള്‍ ഉണ്ടാവാമെന്ന് എസ്.എസ്.ജി.എസിന്റെ പ്രവചനമുണ്ടായിരുന്നു.