ന്യൂഡൽഹി: സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ വേഗതയേറിയ താരം ദ്യുതി ചന്ദ്. ഒഡീഷയിലെ തന്റെ ജന്മനാടായ ചക ഗോപാൽപരിലുള്ള പെൺകുട്ടിയാണ് തന്റെ പങ്കാളിയെന്നും ദ്യുതി വെളിപ്പെടുത്തി. സ്വവർഗാനുരാഗിയാണെന്ന് വെളുപ്പെടുത്തുന്ന രാജ്യത്തെ അദ്യ കായിക താരമാണ് ദ്യുതി. എന്നാൽ തന്റെ പങ്കാളിയെക്കുറിച്ച് വെളിപ്പെടുത്താൻ ദ്യുതി തയാറായില്ല.
തന്റെ ആത്മമിത്രത്തെ കണ്ടെത്തിയിരിക്കുന്നു. എല്ലാവരും അവർ ആഗ്രഹിക്കുന്ന പങ്കാളിക്കൊപ്പം ജീവിക്കാൻ അവകാശം ഉണ്ടെന്ന് താൻ കരുതുന്നതായും അവർ പറഞ്ഞു. തന്റേത് വ്യക്തിപരമായ തീരുമാനമാണെന്നും ദ്യുതി ചൂണ്ടിക്കാട്ടി. ഇന്ത്യൻ എക്സ്പ്രസിനോടാണ് ദ്യുതി മനസ് തുറന്നത്.
നേരത്തെ പുരുഷ ഹോര്‍മോണ്‍ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദ്യുതിയെ ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് മാസങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ദ്യുതി ട്രാക്കിൽ തിരിച്ചെത്തിയത്. 100 മീറ്ററില്‍ ദേശീയ റെക്കോഡുകാരിയാണ് ദ്യുതി ചന്ദ്.
2018 ഏഷ്യന്‍ ഗെയിംസില്‍ രണ്ട് വെള്ളി മെഡലും ഒഡീഷയിലെ ജജ്പുര് സ്വദേശിയായ താരം നേടിയിരുന്നു. നിലവില്‍ തന്റെ ശ്രദ്ധ മുഴുവന്‍ ലോക ചാമ്പ്യന്‍ഷിപ്പിലും ഒളിമ്പിക്സിലുമാണ്. ഇതിനായി കഠിനപരിശ്രമത്തിലാണെന്നും അവർ പറഞ്ഞു.