കൊച്ചി: കളമശേരി മെഡിക്കൽ കോളജിലെ ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദന്പതികൾക്ക് കൈമാറി. കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണത്തിനായാണ് സിഡബ്ല്യുസി കൈമാറിയത്.
കുഞ്ഞിനെ കൈമാറുന്നതിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി സിഡബ്ല്യുസിയെ ചുമതലപ്പെടുത്തിയിരുന്നു.
നിലവിലെ സാഹചര്യത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് യഥാർഥ മാതാപിതാക്കൾ കോടതിയെ അറിയിച്ചിരുന്നു.
കുഞ്ഞിന്റെ അനധികൃത കൈമാറ്റ കേസിൽ തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടുകയായിരുന്നു.
കുഞ്ഞിന്റെ താത്കാലിക സംരക്ഷണം എറ്റെടുക്കാൻ അനുവദിക്കണമെന്ന് കാണിച്ച് ദന്പതികൾ നൽകിയ ഹർജിയിലായിരുന്നു നിർദ്ദേശം.
പത്തനംതിട്ട സ്വദേശിയും ആലുവയിൽ വാടകയ്ക്കു താമസിക്കുകയുമായിരുന്ന അവിവാഹിതയായ സ്ത്രീ 2022 ഓഗസ്റ്റ് 27നാണ് കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പെണ്‍കുട്ടിക്ക് ജൻമം നൽകിയത്.
ഒരാഴ്ചയ്ക്കു ശേഷം ആശുപത്രിയിൽനിന്നു ഡിസ്ചാർജായി. തുടർന്ന് സ്വന്തം ഇഷ്ടപ്രകാരം പരിചയക്കാരായ തൃപ്പൂണിത്തുറ സ്വദേശികളായ ദന്പതികൾക്ക് കുട്ടിയെ നേരിട്ടു കൈമാറുകയായിരുന്നു.
ജനന സർട്ടിഫിക്കറ്റ് ശരിയാക്കാനായി കുട്ടിയെ ഏറ്റെടുത്ത അനൂപ്കുമാർ മെഡിക്കൽ സൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനായ അനിൽകുമാറിനെ ബന്ധപ്പെട്ടു.
യഥാർഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തിരുത്താൻ ഒക്ടോബർ ആറിന് ശ്രമിച്ചെങ്കിലും നടന്നില്ല.
തുടർന്ന് ലേബർ റൂമിൽ നിന്നു സൂപ്രണ്ട് ഓഫീസിലേക്കാണെന്നു പറഞ്ഞു ജീവനക്കാരനായ ശിവൻ വഴി ബർത്ത് റജിസ്ട്രേഷൻ ഫോം കൈക്കലാക്കി.
അനിൽകുമാർ റജിസ്ട്രേഷൻ ഫോമിൽ മാതാപിതാക്കളുടെയും പ്രസവത്തിന്റെയും വിവരങ്ങളും ഡോക്ടറുടെ പേരും ഒപ്പും വ്യാജമായി എഴുതി ചേർത്തു.
ഫെബ്രുവരി ഒന്നിന് ഈ ഫോം രണ്ടാം പ്രതി എ.എൻ. രഹ്നയുടെ സഹായത്തോടെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് ഓണ്‍ലൈനായി ജനന റജിസ്ട്രേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് അനൂപ്കുമാറിനു കൈമാറി. സർട്ടിഫിക്കറ്റ് തയാറാക്കാൻ മുക്കാൽ ലക്ഷത്തോളം രൂപ അനിൽകുമാർ കോഴയായി വാങ്ങിയിരുന്നു.