കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാർക്കായി കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ പുതിയ ഷോപ്പിംഗ് സേവനങ്ങൾ ആരംഭിച്ചു. വിമാനത്താവളത്തിനകത്തെ അവസാന നിമിഷ ഷോപ്പിംഗിനായി ലാസ്റ്റ് മിനിറ്റ് ഷോപ്പ് ടെർമിനൽ മൂന്നിലെ ഡിപാർച്ചർ ഏരിയയിൽ പ്രവർത്തനം തുടങ്ങി.
ഇതോടൊപ്പം ടെർമിനലിൽ ചുറ്റിക്കറങ്ങുന്ന ഷോപ്പ് ഓൺ വീൽസ് ബഗ്ഗിയും സേവനം ആരംഭിച്ചു. വിമാനത്തിൽ കയറുന്നതിനു തൊട്ടുമുമ്പായി യാത്രക്കാർക്ക് എന്തെങ്കിലും ആവശ്യമായി വന്നാൽ ഉടൻ പർച്ചേസ് നടത്താൻ അവസരമൊരുക്കുന്നതാണ് ലാസ്റ്റ് മിനിറ്റ് ഷോപ്പ്.
പ്രീമിയം പെർഫ്യൂം, സ്വീറ്റ്സ്, മറ്റ് ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. വിമാനത്തിൽ കയറുന്നതിന് മുമ്പുള്ള അവസാനനിമിഷം ഷോപ്പിംഗിനായി യാത്രക്കാർക്ക് പുറത്തിറങ്ങാനാകില്ല എന്നതിനാൽ കൊച്ചിൻ ഡ്യൂട്ടി ഫ്രീയുടെ ഈ ലാസ്റ്റ് മിനിറ്റ് ഷോപ്പ് യാത്രികർക്ക് ഏറെ പ്രയോജനം ചെയ്യും.
രാജ്യാന്തര ഡിപ്പാർച്ചർ ഗേറ്റ്-3ന് അരികിലാണ് ലാസ്റ്റ് മിനിറ്റ് ഷോപ്പ് ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര ടെർമിനലിനുള്ളിൽ പുറപ്പെടൽ ഗേറ്റുകൾക്കു സമീപം ചുറ്റി സഞ്ചരിക്കുന്ന ഷോപ്പാണ് ഷോപ്പ് ഓൺ വീൽസ് ബഗ്ഗി. വൈവിധ്യമാർന്ന ഡ്യൂട്ടി ഫ്രീ ഉത്പന്നങ്ങളാണ് ബഗ്ഗിയിൽ ലഭ്യമാക്കിയിരിക്കുന്നത്.