മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ഉടൻ പ്രവർത്തനമാരംഭിക്കും. വിമാനത്താവള ടെർമിനൽ കെട്ടിടത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്കുള്ള സജ്ജീകരണങ്ങൾ ഒരുങ്ങി. ഷോപ്പുകളിലേക്കുള്ള ഉത്പന്നങ്ങൾ വിമാനത്താവളത്തിൽ എത്തിത്തുടങ്ങിയിട്ടുമുണ്ട്.
മദ്യം, പുകയില ഉത്പന്നങ്ങൾ, പെർഫ്യൂം തുടങ്ങിയവയാണ് ആദ്യഘട്ടമായി എത്തിയത്. ഹൈദരാബാദിൽനിന്ന് കണ്ടെയ്നർ ലോറിയിലാണ് ഇവ വിമാനത്താവളത്തിലെത്തിച്ചത്.പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന് പുറത്തെത്തിച്ച ഉത്പന്നങ്ങൾ കസ്റ്റംസിന്റെ പരിശോധനയ്ക്കുശേഷം ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ ഗോഡൗണിലേക്ക് മാറ്റി.
ചോക്ലേറ്റ് അടക്കമുള്ള ഉത്പന്നങ്ങൾ രണ്ടാംഘട്ടത്തിൽ എത്തിക്കും. ജിഎംആർ ഗ്രൂപ്പിനാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ നടത്തിപ്പു ചുമതല ടെൻഡർ വഴി കിയാൽ നൽകിയിട്ടുള്ളത്. അനുമതികളെല്ലാം ലഭ്യമായെങ്കിലും കോവിഡ് പ്രതിസന്ധി മൂലമാണ് ഡ്യൂട്ടിഫ്രീ ഷോപ്പുകൾ തുറക്കുന്നത് വൈകിയത്.
വിമാനത്താവള കമ്പനിക്ക് നോൺ എയ്റോ വിഭാഗത്തിൽ നിന്നുള്ള പ്രധാന വരുമാനമാർഗങ്ങളിലൊന്നാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ.