ചെയ്ത കൊലപാതകങ്ങളെല്ലാം ഓർത്തോർത്തു പറയുന്പോഴും ഡെന്നിസ് പറയാതിരുന്ന ഒരു സംഭവമുണ്ടായിരുന്നു. ബില്ലി സതർലൻഡ് എന്ന ഇരുപത്തിയാറുകാരനെ കൊലപ്പെടുത്തിയതു മാത്രം ഡെന്നിസിന് ഓർത്തെടുക്കാനായില്ല.
പോലീസ് വിവരങ്ങൾ അങ്ങോട്ടു പറയുന്പോഴും തനിക്ക് ആ കൊലപാതകത്തെക്കുറിച്ചൊന്നു ഓർത്തെടുക്കാനാവില്ലെന്നായിരുന്നു ഡെന്നിസ് എന്ന സീരിയൽ കില്ലറുടെ മറുപടി.
എന്നാൽ, താൻ ചെയ്ത ക്രൂരകൃത്യം മറന്നു പോകാൻ മാത്രമളവിൽ അയാൾ അന്നു മദ്യം അകത്താക്കിയതാണ് കാരണമെന്നു പോലീസ് പറയുന്നു. 1980 ഓഗസ്റ്റിലായിരുന്നു ഈ സംഭവം.
ഡെന്നിസ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. മൂന്നു വയസുകാരന്റെ അച്ഛനായ ബില്ലിക്ക് ഒരു കാമുകിയുണ്ടായിരുന്നു.
പബ്ബിലേക്കു ക്ഷണം
ബില്ലിയുമായി സംസാരിക്കാറുണ്ടായിരുന്ന ഡെന്നിസ് പതുക്കെ ഈ ബന്ധം ശക്തമാക്കി. ജീവിതത്തിലെ വിശേഷങ്ങളും കാര്യങ്ങളുമൊക്കെ പരസ്പരം പറഞ്ഞ് ഇരുവരും നല്ല സൗഹൃദത്തിലായി. ഇതായിരുന്നു ഡെന്നീസ് ലക്ഷ്യമിട്ടിരുന്നതും.
താൻ ക്ഷണിക്കുന്നിടത്തേക്കു യാതൊരു മടിയുമില്ലാതെ ബില്ലി വരുമെന്നു തോന്നിത്തുടങ്ങിയതോടെ അയാൾ ബില്ലിയെ അല്പം മദ്യം കഴിക്കാൻ പബ്ബിലേക്കു ക്ഷണിച്ചു.
പതിയിരിക്കുന്ന ചതി തിരിച്ചറിയാതെ ബില്ലി സന്തോഷത്തോടെ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചു. പബ്ബിൽ പോയി ഇരുവരും ഇഷ്ടം പോലെ കുടിച്ചു.
പക്ഷേ, ആ ലഹരി ഒടുവിൽ ബില്ലിയുടെ ജീവനെടുത്തു. മദ്യലഹരിയിൽ ഡെന്നിസ് ബില്ലിയെ കൊലപ്പെടുത്തി. എന്നാൽ, അന്ന് എന്താണ് സംഭവിച്ചതെന്ന് ഓർത്തു പറയാൻ ഡെന്നിസിനു പിന്നീടു സാധിച്ചതേയില്ല.
കൊലചെയ്തതു പോയിട്ട് ഇങ്ങനെയൊരാളെ ക്ഷണിച്ചു കൊണ്ടുപോയതായി പോലും തനിക്ക് ഓർമയില്ലെന്നും ഉറക്കമുണർന്നപ്പോൾ തനിക്കരികിലായി ഒരു മൃതദേഹം കിടന്നിരുന്നുവെന്നുമായിരുന്നു ഡെന്നിസ് പോലീസിനോടു പറഞ്ഞത്.
പബ്ബിൽനിന്നു തന്റെ ഫ്ളാറ്റിലേക്കു കൂട്ടിക്കൊണ്ടുപോയ ബില്ലിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ് കണ്ടെത്തി.
ഉപകാരത്തിനു പിന്നിൽ
മാൽകോം ബാർലോ എന്ന 23കാരനായിരുന്നു ഡെന്നിസിന്റെ മെൽറോസ് അവന്യുവിലെ ഒടുവിലത്തെ ഇര. വീടിനു മുന്നിലെ ചെളിക്കുണ്ടിൽ കാൽ തെറ്റി വീണു കരകയറാനാകാതെ പ്രാണരക്ഷാർഥം നിലവിളിച്ച മാൽകോമിനു മുന്നിൽ രക്ഷകനായിട്ടാണ് ഡെന്നീസ് ആദ്യം അവതരിച്ചത്.
മാൽകോമിനെ ഡെന്നിസ് രക്ഷിക്കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. മരണത്തിൽനിന്നു കൈപിടിച്ചു കയറ്റിയ വ്യക്തിയോടു നന്ദി പറയുന്നതിനായി മാൽകോം അടുത്ത ദിവസം ഡെന്നിസിനെ തേടിയെത്തി.
എന്നാൽ, താൻ ഒഴിവായി പോയ മരണത്തെയാണ് വീണ്ടും തേടിയെത്തുന്നതെന്ന് മാൽകോം തിരിച്ചറിഞ്ഞില്ല. സന്തോഷത്തോടെയാണ് മാൽകോം ഡെന്നീസിന്റെ ഫ്ളാറ്റിലേക്കെത്തിയത്.
തന്റെ രക്ഷകനായി മാറിയ ഡെന്നീസിന്റെ കണ്ടു നന്ദി പറയുകയും സന്തോഷം പങ്കിടുകയുമായിരുന്നു അവന്റെ ലക്ഷ്യം. ഫ്ളാറ്റിൽ ഡെന്നിസ് തനിച്ചായിരുന്നു. ഇരുവരും കുറെനേരം സംസാരിച്ചു.
സംസാരത്തിനിടയിൽ തന്ത്രപരമായി മാൽകോമിന്റെ പിന്നിലെത്തിയ ഡെന്നിസ് അയാളുടെ കഴുത്തിൽ കുരുക്കിട്ടു ഞെരിച്ചു. മരണവെപ്രാളത്തിൽ പിടയുന്ന മാൽകോമിനെ അയാൾ നോക്കിനിന്നു.
ഒടുവിൽ മരണം ഉറപ്പാക്കിയ ശേഷം മാൽകോമിന്റെ ശരീരം അടുക്കളയിൽ കാബിനുള്ളിൽ സ്റ്റഫ് ചെയ്തു സൂക്ഷിച്ചു.
ഇവർക്കു പുറമേ ഡെന്നിസിന്റെ ഓർമപ്പിശകുകൊണ്ടു മാത്രം വിവരങ്ങൾ അറിയാതെപോയ ഇരകളുമുണ്ട്. അവരുമായി ബന്ധിപ്പിക്കുന്ന വിവരങ്ങൾ പോലീസ് അങ്ങോട്ടു പറഞ്ഞെങ്കിലും പലതും ഡെന്നിസിന് ഓർത്തെടുക്കാൻ സാധിച്ചിരുന്നില്ല.
ഇരയെ കണ്ടെത്തി കൊലപാതകം ആസൂത്രണം ചെയ്യുന്ന നിമിഷം മുതൽ ഇയാൾ മറ്റൊരാളായി മാറുകയായിരുന്നു. ഒട്ടും ദയയില്ലാത്ത അപകടകാരി.
(തുടരും).