കാറ്റിനോടും കടലിനോടും പടവെട്ടി എട്ടു മാസം നീണ്ട യാത്ര പൂർത്തിയാക്കി ഇന്ത്യൻ നേവിയുടെ പെൺപുലികൾ നാളെ ഗോവൻ തീരമണയും. ഐഎൻഎസ്വി തരിണിയിൽ ലോകം ചുറ്റിയ ആറു വനതാ നേവൽ ഓഫീസർമാരുടെ സംഘമാണ് എട്ടു മാസത്തെ ലോകപര്യടനം പൂർത്തിയാക്കി തിരിച്ചെത്തുന്നത്.
ലഫ്റ്റനന്റ് കമാൻഡർ വർതിക ജോഷിയുടെ നേതൃത്വത്തിൽ നാവിക സാഗർ പരികർമ എന്ന പേരിലായിരുന്നു ആറംഗസംഘത്തിന്റെ ലോകപര്യടനം. സംഘത്തിലെ അംഗങ്ങൾ മുഴുവൻ സ്ത്രീകളാണെന്നതാണ് പ്രത്യേകത.
കഴിഞ്ഞ വർഷം സെപ്റ്റംബർ പത്തിന് ഗോവയിൽനിന്ന് ഐഎൻഎസ്വി തരിണി എന്ന ചെറു പായ്ക്കപ്പലിൽ യാത്രയാരംഭിച്ച സംഘം 21,000 നോട്ടിക്കൽ മൈലുകൾ പിന്നിട്ടാണ് തിരികെയെത്തുന്നത്.
ഇന്ത്യൻ നിർമിത തരിണിയിൽ സംഘം അഞ്ചു രാജ്യങ്ങൾ സന്ദർശിച്ചു. രണ്ടു തവണ ഭൂമധ്യരേഖ മറികടക്കുകയും ചെയ്തു. നാലു ഭൂഖണ്ഡങ്ങളും മൂന്നു മഹാസമുദ്രങ്ങളും പിന്നിട്ട യാത്രയിൽ ല്യൂവിൻ, ഹോൺ, ഗുഡ് ഹോപ് എന്നീ മുനന്പുകളും കടന്നിരുന്നു.
മനുഷ്യന്റെ സഹനശക്തി, സ്ഥിരോത്സാഹം, കടലിനോടു പടവെട്ടാനുള്ള നാവിക വിദ്യാപാടവം തുടങ്ങിയവ പരീക്ഷിക്കുന്ന കഠിനമായ പരീക്ഷണമായിരുന്നു ഈ യാത്രയെന്ന് നേവി വക്താവ് കാപ്റ്റൻ ഡി.കെ. ശർമ പറഞ്ഞു.
ലഫ്റ്റനന്റ് കമാൻഡർമാരായ പ്രതിഭ ജാംവാൾ, പി. സ്വാതി, ലഫ്റ്റനന്റുമാരായ ഐശ്വര്യ ബൊദ്ദപതി, എസ്. വിജയദേവി, പായൽ ഗുപ്ത എന്നിവരാണ് സംഘത്തിലുള്ള മറ്റു നേവി ഉദ്യോഗസ്ഥർ. യാത്രയിൽ ഫ്രീമാന്റിൽ (ഓസ്ട്രേലിയ), ലിറ്റിൽടൺ (ന്യൂസിലൻഡ്), പോർട്ട് സ്റ്റാൻലി (ഫോക്ലാൻഡ്സ്), കേപ് ടൗൺ (ദക്ഷിണാഫ്രിക്ക), മൗറീഷ്യസ് എന്നിവിടങ്ങളിലാണ് കപ്പൽ തീരമണഞ്ഞത്. ഇവിടങ്ങളിലൊക്കെ സാധാരണ ജനങ്ങളുമായി, പ്രത്യേകിച്ച് കുട്ടികളുമായി സംവദിക്കാനും സമുദ്രയാത്രയെക്കുറിച്ച് കുട്ടികൾക്ക് ആർജവമുണ്ടാക്കാനും സംഘം ശ്രമിച്ചു.
ക്യാപ്റ്റൻ ദിലീപ് ഡോണ്ടെയുടെയും ക്യാപ്റ്റൻ അതൂൽ സിൻഹയുടെയും ശിക്ഷണത്തിലുള്ള പരിശീലനത്തിനു ശേഷമായിരുന്നു സംഘം യാത്ര തുടങ്ങിയത്. 2009-10ൽ ഒറ്റയ്ക്ക് ലോകം ചുറ്റിയ നേവി ഉദ്യോഗസ്ഥനാണ് ഡോണ്ടെ. ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ ജേതാവാണ് അതൂൽ.