കൽപ്പറ്റ: ജില്ലയിൽ വിവാഹം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട സ്ത്രീക ളുടെ എണ്ണം അയ്യായിരത്തിന് മുകളിൽ. 2016-17 വർഷം ജില്ലയിലെ അങ്കണവാടി വർക്കർമാർ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
വിവാഹാനന്തരം ഉപേക്ഷിക്കപ്പെട്ട യുവതികൾക്ക് ജീവനോപാധികൾ നൽകാൻ ജില്ലാ പഞ്ചായത്ത് ആരംഭിക്കുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായാണ് സർവേ നടത്തിയത്. ഇതിൽ 18നും 45നും മധ്യേ പ്രായമുള്ള 1102 പേർ നിർധനരായ-ദരിദ്ര വിഭാഗങ്ങളിൽപ്പെട്ടവരാണെന്നും കണ്ടെത്തി. ഇവർക്കായാണ് അതിജീവനം പദ്ധതി നടപ്പാക്കുന്നത്. വിവാഹത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട മുനിസിപ്പാലിറ്റിലികളിലെയും അതിജീവനം പദ്ധതിയിൽ അംഗമാകാത്തവരുടെയും എണ്ണം 4000നടുത്താണ്.
അതിജീവനം പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട 1102 പേരിൽ കൂടുതൽ തിരുനെല്ലി പഞ്ചായത്തിലാണ്. ഇവിടെ 130 പേരാണ് വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടത്. വെള്ളമുണ്ട പഞ്ചായത്താണ് രണ്ടാംസ്ഥാനത്ത്. ഇവിടെ 112ആണ്. തൊണ്ടർനാട് പഞ്ചായത്തിൽ 99, തവിഞ്ഞാൽ 87, എടവക 54, പനമരം 59, കണിയാന്പറ്റ 52, മുള്ളൻകൊല്ലി 20, പുൽപ്പള്ളി 30, പൂതാടി 49, പടിഞ്ഞാറത്തറ 21, വെങ്ങപ്പള്ളി 28, കോട്ടത്തറ 39, മുട്ടിൽ 39, മേപ്പാടി 34, മൂപ്പൈനാട് 24, തരിയോട് 13, പൊഴുതന 27, വൈത്തിരി 28, നൂൽപ്പുഴ 31, മീനങ്ങാടി 41, നെന്മേനി 50, അന്പലവയൽ 35 എന്നിങ്ങനെയാണ് 18നും 45നുമിടയിലുളള ഉപേക്ഷിക്കപ്പെട്ടവരുടെ കണക്ക്.
ഗുണഭോക്താക്കളുടെ ഗ്രൂപ്പുകൾ പഞ്ചായത്ത് തലങ്ങളിൽ രൂപീകരിച്ചാണ് പരിശീലനം നൽകുക. തൊഴിൽ പരിശീലനം നൽകിയ ശേഷം വിവിധ തൊഴിൽ മാർഗങ്ങൾക്കായി സാന്പത്തിക സഹായം നൽകും. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സി.കെ. ശശീന്ദ്രൻ എംഎൽഎ നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അറിയിച്ചു. എം.ഐ. ഷാനവാസ് എംപി, എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ഒ.ആർ. കേളു, ജില്ലാ കളക്ടർ എസ്. സുഹാസ്, ജില്ലാ പൊലീസ് മേധാവി ഡോ. അരുൾ ആർ.ബി. കൃഷ്ണ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജില്ലാപഞ്ചായത്ത് സെക്രട്ടറി വി.സി. രാജപ്പൻ, കെ.പി. സുനിത്ത്, എം. അൻവർ സാദിഖ് എന്നിവരും പങ്കെടുത്തു.