കടുത്തുരുത്തി: ചാക്കില്‍കെട്ടി കാറിലെത്തിച്ച മാലിന്യം റോഡരികില്‍ തള്ളാന്‍ ശ്രമിച്ചവരെ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ ആറാംമൈലിലാണ് സംഭവം.
കോട്ടയം സ്വദേശികള്‍ എറണാകുളത്തേക്കു പോകും വഴിയാണ് ആറാംമൈലില്‍ റോഡരികില്‍ കൂടിക്കിടക്കുന്ന മാലിന്യകൂമ്പാരത്തിലേക്കു തങ്ങള്‍ കാറില്‍ കൊണ്ടുവന്ന മാലിന്യം വലിച്ചെറിയാന്‍ ശ്രമിച്ചത്.
സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിക്കൂടിയതോടെ തങ്ങള്‍ വലിച്ചെറിഞ്ഞ മാലിന്യം തിരിച്ചെടുക്കുകയായിരുന്നു. എന്നാല്‍ മാലിന്യവുമായെത്തിയവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ഇവര്‍ കാറുമായി കടന്നുകളയുകയായിരുന്നു.
ഏറ്റുമാനൂര്‍ – വൈക്കം റോഡരികിലെ മാലിന്യങ്ങള്‍ നീക്കാന്‍ നടപടികളില്ല. മാലിന്യങ്ങള്‍ ചാക്കില്‍ നിറച്ചു റോഡരികില്‍ ഉപേക്ഷിക്കുന്നത് വാഹനയാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ദുരിതമായിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം തുടരുകയാണ്.
ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രദേശത്ത് ആറാംമൈലിന് സമീപമാണ് മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നത്.
മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞു കിടക്കുന്നതിനാല്‍ പ്രദേശത്ത് കൂടി കടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മാസങ്ങളായി ഇവിടെ മാലിന്യം ഉപേക്ഷിക്കാന്‍ തുടങ്ങിയിട്ട്.
മാഞ്ഞൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ് റോഡരികില്‍ മാലിന്യങ്ങള്‍ നിറഞ്ഞിരിക്കുന്നത്.
മഴക്കാലത്ത് ഇത്തരത്തില്‍ പൊതുസ്ഥലത്ത് മാലിന്യം കെട്ടിക്കിടക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നു നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു.
മുമ്പ് പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഓരോ സ്ഥലങ്ങളില്‍ മാലിന്യം സംഭരിക്കുന്നതിന് മിനി എംസിഎഫുകള്‍ സ്ഥാപിച്ചിരുന്നു.
ഇവയിലെല്ലാം മാലിന്യങ്ങള്‍ നിറയുകയും പിന്നീട് എംസിഎഫുകള്ക്കു ചുറ്റും മാലിന്യങ്ങള്‍ നിറയുകയും ചെയ്തിരുന്നു. ഇതോടെ പഞ്ചായത്തുകള്‍ ഭൂരിഭാഗം സ്ഥലത്തെയും എംസിഎഫുകള്‍ നീക്കം ചെയ്യുകയായിരുന്നു.