ഹൈദരാബാദ്: വിശന്നുകരഞ്ഞ പിഞ്ചുകുഞ്ഞിനെ മുലയൂട്ടിയ വനിതാ പോലീസ് കോണ്‍സ്റ്റബിളിന് സോഷ്യൽമീഡിയയിൽ അഭിനന്ദന പ്രവാഹം. ഹൈദരാബാദിലെ അഫ്സൽഗുഞ്ച് പോലീസ് സ്റ്റേഷനിലാണ് പ്രസവാവധിയിലായിരുന്ന വനിതാ പോലീസ് കോണ്‍സ്റ്റബിൾ മറ്റൊരു യുവതിയുടെ കുഞ്ഞിനെ മുലയൂട്ടാനെത്തിയത്.
ഞായറാഴ്ച രാത്രി ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയിലെത്തിയ യുവതിയാണ് രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ മറ്റൊരാളെ നോക്കാൻ ഏൽപ്പിച്ചത്. ഇപ്പോൾ വരാമെന്ന് പറഞ്ഞുപോയ യുവതി തിരിച്ചെത്താത്തതിനാൽ ഇയാൾ കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ വിശപ്പ് സഹിക്കാനാവാതെ കുഞ്ഞ് കരയാൻ തുടങ്ങി. തുടർന്ന് കുഞ്ഞിനെ ഇയാൾ അഫ്സൽഗുഞ്ച് പോലീസ് സ്റ്റേഷനിലെത്തിച്ചു.
സംഭവിച്ചകാര്യങ്ങൾ തുറന്നുപറഞ്ഞ യുവാവ് കുഞ്ഞിനെ പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. പക്ഷേ, ഈ സമയത്തെല്ലാം വിശന്നുവലഞ്ഞ കുഞ്ഞ് നിർത്താതെ കരയുകയായിരുന്നു. ഇതോടെയാണ് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിൾ എം. രവീന്ദർ വനിതാ പോലീസായ തന്റെ ഭാര്യയെ വിവരമറിയിച്ചത്.
പ്രസവം കഴിഞ്ഞ് അവധിയിൽ കഴിയുന്ന രവീന്ദറിന്റെ ഭാര്യ പ്രിയങ്ക ഭർത്താവിന്റെ വിളി വന്നതോടെ പോലീസ് സ്റ്റേഷനിലെത്തി കുഞ്ഞിനെ മുലയൂട്ടി. ഇതോടെ കുഞ്ഞ് കരച്ചിൽ നിർത്തുകയായിരുന്നു. ഇതിനിടെ മണിക്കൂറുകൾക്കുശേഷം കുഞ്ഞിന്റെ അമ്മയായ യുവതിയെയും പോലീസ് കണ്ടെത്തി.
കുഞ്ഞിനെ കാണാതെ വിഷമിച്ചിരുന്ന ഇവരെ ചഞ്ചൽഗുഡയിൽനിന്നാണ് കണ്ടെത്തിയത്. തുടർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. യുവതിയുടേതാണ് കുഞ്ഞെന്ന് ഉറപ്പുവരുത്തിയതോടെ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കുഞ്ഞിനെ യുവതിക്ക് കൈമാറി.