നാലായിരം വർഷം പഴക്കമുണ്ടെന്നു കരുതുന്ന പുരാതനനഗരമായ ദ്വാരകയുടെ നിഗൂഢതകൾ അനാവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) വീണ്ടും പര്യവേക്ഷണം തുടങ്ങി. ഗുജറാത്ത് തീരത്ത് കടലിനടിയിൽ നടക്കുന്ന ഈ പര്യവേക്ഷണം, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പഠിക്കാനും സംരക്ഷിക്കാനുമുള്ള ദൗത്യത്തിന്റെ ഭാഗമാണ്.
ഹിന്ദുപുരാണങ്ങളിലെ സപ്തപുരികളിൽ ഒന്നായ ദ്വാരക, ഭഗവാൻ കൃഷ്ണൻ കടലിൽനിന്നു വീണ്ടെടുത്തതാണെന്നു വിശ്വസിക്കപ്പെടുന്നു. കൃഷ്ണന്റെ കാലശേഷം കലിയുഗത്തിനു തുടക്കമിട്ടുകൊണ്ട് നഗരം അറബിക്കടലിൽ മുങ്ങിയെന്നാണു ഐതിഹ്യം. 2005 നും 2007 നും ഇടയിൽ ദ്വാരകയിലും ഓഖ തീരത്ത് സ്ഥിതി ചെയ്യുന്ന ബെറ്റ് ദ്വാരകയിലും (ബെറ്റ് ദ്വാരക) പര്യവേക്ഷണം നടത്തിയിരുന്നു. അന്ന് ശിൽപ്പങ്ങളും ശിലാനങ്കൂരങ്ങളും കണ്ടെത്താൻ കഴിഞ്ഞു. രണ്ടു പതിറ്റാണ്ടിനുശേഷമാണു വീണ്ടും പര്യവേക്ഷണം നടത്തുന്നത്.
എഎസ്ഐയുടെ അണ്ടർവാട്ടർ ആർക്കിയോളജി വിംഗിന്റെ (യുഎഡബ്ല്യു) നേതൃത്വത്തിലുള്ള അഞ്ചംഗസംഘത്തിൽ മൂന്നു പേരും വനിതകളാണെന്നു സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ (ആർക്കിയോളജി) പ്രഫ. അലോക് ത്രിപാഠി ആണു സമുദ്രാന്തര സംഘത്തിന്റെ തലവൻ.