കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപില്‍ ജനകീയ നിരാഹാര സമരം തുടങ്ങി. വിവിധ രാഷ്ട്രീയ കക്ഷികളും സാമൂഹ്യ സംഘടനകളും ഉള്‍പ്പെട്ടുന്ന സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണു സമരം.
രാവിലെ ആറിന് ആരംഭിച്ച സമരം വൈകുന്നേരം ആറുവരെ തുടരും. സാധാരണ ജനങ്ങള്‍ വീട്ടിലിരിന്നും, ജനപ്രതിനിധികള്‍ വിവിധ വില്ലേജ്, പഞ്ചായത്തുകള്‍ക്കു മുന്നില്‍ കറുത്ത ബാഡ്ജ് കെട്ടിയുമാണു നിരാഹാര സമരത്തില്‍ പങ്കാളികളാകുന്നത്.
മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടാനാണ് സമര സമിതി ആഹ്വാനം ചെയ്തിട്ടുള്ളത്. ദ്വീപിലെ ബിജെപിയടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.അഡ്മിനിസ്ട്രേറ്ററെ പുറത്താക്കുക, കരിനിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള പ്ലക്കാര്‍ഡുകളും സമരത്തിന്റെ ഭാഗമായി വീട്ടുമുറ്റങ്ങളില്‍ ഉയരുന്നുണ്ട്.
ജനവിരുദ്ധ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ഭരണകൂടത്തിനെതിരേയുള്ള സമരപരിപാടികളുടെ ആദ്യപടി എന്ന നിലയിലാണ് ഇന്നത്തെ സമരം.ജനദ്രോഹ നടപടികള്‍ പിന്‍വലിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആവിഷ്കരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ തീരുമാനം.
സമരം മുന്നില്‍ കണ്ട് ആരോഗ്യ പ്രവര്‍ത്തകരോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്കി. സംഘടിത പ്രതിഷേധം നടക്കുന്നതിനാല്‍ ലക്ഷദ്വീപില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ദ്വീപിലേക്ക് പുറത്തുനിന്ന് ആളുകളെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം ശക്തമാക്കി. കോവിഡ്
മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം. അതിനിടെ ഇന്ന് ഉച്ചയ്ക്ക് സംസ്ഥാനത്തെ മുഴുവന്‍ യുഡിഎഫ് എംപിമാരും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിനു മുന്നില്‍ സമരം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
അതിനിടെ, തദേശീയരല്ലാത്തവര് ലക്ഷദ്വീപില്‍നിന്ന് മടങ്ങണമെന്ന ഉത്തരവ് നടപ്പാക്കിവരികയാണ്. പുറംനാട്ടുകാരായ പതിനായിരത്തോളംപേരാണു ഇവിടെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടുവരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇവര്‍ പുതിയ അപേക്ഷ നല്കി ഇവിടെ തുടരാന്‍ ശ്രമിക്കുന്ന പ്രക്രിയ എളുപ്പമാകില്ലെന്നാണു വിവരങ്ങള്‍.