ഒരാളെ മാന്യന്‍ എന്ന് ഏതു മാനദണ്ഡത്തിലാണ് വിളിക്കുന്നത്. ഒരു പെണ്ണിനെ ഒറ്റയ്ക്കു കിട്ടുമ്പോള്‍ അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താല്‍പ്പര്യമുണ്ടെന്നു പറയുന്ന ഒരാളെ മാന്യനായി അംഗീകരിക്കാനാകുമോ? ബലപ്രയോഗത്തിലൂടെ ഒരു പെണ്‍കുട്ടിയെ കീഴടക്കാനുള്ള എല്ലാ സാഹചര്യവും ഒത്തുകിട്ടിയിട്ടും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അവളുടെ അനുവാദം ചോദിക്കാന്‍ മനസ്സുകാട്ടിയ പുരുഷനെ മാന്യനെന്നു വിളിക്കാമോ?. ഇത്തരത്തിലുള്ള പലവിധ ചോദ്യങ്ങള്‍ക്ക് മറുപടിയാണ് ദ്വിമുഖം എന്ന ഹ്രസ്വചിത്രം.
പുരുഷന്റെ മാന്യതയ്ക്കു പുതിയൊരു നിര്‍വചനം നല്‍കുകയാണ് സച്ചു ടോം, വിപിന്‍ ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ദ്വിമുഖം എന്ന ഹ്രസ്വചിത്രം. സ്ത്രീകള്‍ക്കുനേരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ദിനംപ്രതി പെരുകുമ്പോള്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിക്ക് ഓഫീസിലെ മേലുദ്യോഗസ്ഥനില്‍ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവവും തുടര്‍ന്ന് അവളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് ഈ ഹ്രസ്വചിത്രം പറയുന്നത്.
ഒരു പെണ്‍കുട്ടിയുടെ നോ എന്ന ഉറച്ച ശബ്ദത്തിന് എന്തൊക്കെ കഴിയുമെന്ന് ഈ ഹ്രസ്വചിത്രം കാണിച്ചു തരുന്നു. ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരോടുള്ള ശക്തമായ പ്രതിരോധവും അസുഖകരമായ ഒരവസ്ഥയില്‍ നിന്നുള്ള ബുദ്ധിപൂര്‍വമായ രക്ഷപെടലുമെല്ലാം ഈ ഹ്രസ്വചിത്രം വളരെ കൃത്യമായി വരച്ചു കാട്ടുന്നു.അനുവാദം, സമ്മതം എന്നീ വാക്കുകള്‍ക്ക് ജീവിതത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ട് എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ഹ്രസ്വചിത്രം. എന്തായാലും ഹ്രസ്വചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.