വർഷങ്ങൾക്കു ശേഷം 1802ൽ ക്യാപ്റ്റൻ സ്വേലിന്റെ കപ്പലായ പാൽമിറ ഈ ദ്വീപിന്റെ സമീപത്തുകൂടി കടന്നുപോയി.
ഈ ദ്വീപ് സ്വേലിന്റെ കണ്ണിൽ പെട്ടില്ല. പക്ഷേ, പെട്ടെന്നാണ് അതു സംഭവിച്ചത്. പാൽമിറ ദ്വീപിന്റെ പാറക്കെട്ടുകളിൽ തട്ടി കപ്പൽ തകർന്നു.
ഈ സംഭവം പുറംലോകത്ത് എത്തിയതോടെയാണ് പുതിയൊരു ദ്വീപിനെക്കുറിച്ച് അറിയപ്പെടുന്നത്. ഇതോടെ ഈ ദ്വീപ് പാൽമിറ ദ്വീപ് എന്ന് അറിയപ്പെട്ടുതുടങ്ങി.
സ്വേലിന്റെ പാൽമിറ കപ്പൽ മാത്രമല്ല, മറ്റ് നിരവധി കപ്പലുകളും പാൽമിറയുടെ ഭിത്തികളിൽ തട്ടി തകർന്നിട്ടുണ്ട്.
1816 ജനുവരി ഒന്നിന് പെറു തുറമുഖത്തുനിന്ന് എസ്പെരൻസ എന്ന കപ്പൽ പസഫിക് സമുദ്രം വഴി സ്പാനിഷ് വെസ്റ്റ് ഇൻഡീസിലേക്ക് പുറപ്പെട്ടു.
സ്വർണം, വെള്ളി, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയായിരുന്നു കപ്പലിൽ. യാത്രാമധ്യേ കടൽക്കൊള്ളക്കാർ ഈ കപ്പലിനെ ആക്രമിക്കുകയും കപ്പൽ നശിപ്പിക്കുകയും ചെയ്തു.
നശിപ്പിച്ച എക്സ്പെരൻസ കപ്പലിൽനിന്ന് നിധികൾ കൊള്ളക്കാർ തങ്ങളുടെ സ്വന്തം കപ്പലിലേക്കു കയറ്റി.
കപ്പലിലെ ജീവനക്കാരെയും തങ്ങളുടെ കപ്പലിലേക്കു കയറ്റാൻ അവർ മറന്നില്ല. പിന്നീട് എക്സ്പെരൻസ മുങ്ങി.
കുഴിച്ചിട്ട നിധി
കടൽകൊള്ളക്കാർ കൊള്ളമുതലും എക്സെപരൻസയിലെ ജീവനക്കാരുമായി യാത്ര തുടർന്നു. 43 ദിവസത്തിനുശേഷം കൊള്ളക്കാരുടെ കപ്പൽ ഒരു കൊടുങ്കാറ്റിൽ അകപ്പെട്ടു.
കപ്പലിന്റെ ഗതി നഷ്ടപ്പെട്ടു. കാറ്റിന്റെ താളത്തിനനുസരിച്ചു കപ്പൽ പാൽമിറ ദ്വീപിലേക്ക് എത്തപ്പെട്ടു.
തുടർന്നു കപ്പലിലെ നിധികളെല്ലാം കൊള്ളക്കാർ ദ്വീപിലേക്കു മാറ്റി. എക്സ്പെരൻസ കപ്പലിലെ ജീവനക്കാർ അടക്കം ദ്വീപിൽ കയറി.
ഇതിനിടെ, കൊള്ളക്കാർ വന്ന കപ്പൽ കാറ്റിൽ ആടിയുലഞ്ഞു നശിച്ചു.
തങ്ങൾ അകപ്പെട്ടിരിക്കുന്നതു വലിയൊരു വിഷമവൃത്തത്തിലാണെന്നു കൊള്ളക്കാർ മനസിലാക്കി.
ജനവാസ മേഖലയല്ലാത്ത ഇവിടെ അധിക കാലം തങ്ങാൻ കഴിയില്ലെന്നും ഈ ദ്വീപിനുള്ളിൽ ഭയപ്പെടുത്തുന്ന പലതും ഒളിഞ്ഞിരിപ്പുണ്ടെന്നും അവർ തിരിച്ചറിഞ്ഞു.
ഇതോടെ തട്ടിയെടുത്ത നിധികൾ ഇവിടെനിന്നു പൂർണമായി കടത്തുക പ്രയാസകരമാണെന്ന് അവർക്കു മനസിലായി. അവർ ഒരു ഉപായം കണ്ടെത്തി.
കുറച്ചു സ്വർണവും വെള്ളിയും കല്ലുകളുമെല്ലാം പരസ്പരം പങ്കിട്ടെടുക്കുക. ബാക്കിയുള്ളത് ദ്വീപിൽ കുഴിച്ചിടുക.
പിന്നെ എപ്പോഴെങ്കിലും വലിയൊരു സന്നാഹവുമായി വന്നു കുഴിച്ചിട്ട നിധി വീണ്ടെടുക്കാം എന്ന ലക്ഷ്യത്തോടെ ബാക്കിയുള്ളവ അവിടെ കുഴിച്ചിട്ടു.
കഴിക്കാൻ പഴങ്ങൾ
ദ്വീപിലെ താമസം അത്ര സുഖകരമായിരുന്നില്ല. പഴങ്ങളും മറ്റും കഴിച്ചാണ് അവർ ഒരുവിധം പിടിച്ചുനിന്നത്.
ഇനിയും കൂടുതൽ കാലം ദ്വീപിൽ തങ്ങിയാൽ പട്ടിണി കിടന്നു മരിച്ചുപോകുമെന്ന് അവർ മനസിലാക്കി. ഇതോടെ എങ്ങനെയും രക്ഷപ്പെടാനുള്ള ശ്രമം കൊള്ളക്കാർ നടത്തി.
ഇതിനായി തങ്ങളുടെ തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ ഇവർ ശേഖരിച്ചു.
ഇതോടൊപ്പം ദ്വീപിൽനിന്നു വലിയ മരക്കന്പുകളും മറ്റുമൊക്കെ സ്വരുക്കൂട്ടി എങ്ങനെയോ അവർ അത്യാവശ്യം എല്ലാവർക്കും പോകാവുന്ന തരത്തിൽ ചെറിയ ബോട്ടുകൾ നിർമിച്ചു.
പതിയെപ്പതിയെ കൊള്ളക്കാർ സംഘങ്ങളായി അവരുണ്ടാക്കിയ താത്കാലിക തോണികളിൽ ദ്വീപിൽനിന്നു രക്ഷപ്പെട്ടു.
അവസാനം കപ്പലിലെ രണ്ടു ജീവനക്കാർ മാത്രം ദ്വീപിൽ അവശേഷിച്ചു. കൊള്ളക്കാർ ഇവരെ അവിടെ ഉപേക്ഷിച്ചു കടന്നുകളഞ്ഞെന്നും പറയാം. എന്നാൽ, അവരും തോൽക്കാൻ തയാറായിരുന്നില്ല.
തയാറാക്കിയത് : നിയാസ് മുസ്തഫ
(തുടരും).