ന്യൂഡൽഹി: അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് തർക്കത്തിൽ വിധി പറയുന്നതിന് മുമ്പ് പരിഹാരത്തിനായി താൻ ദൈവത്തോട് പ്രാർഥിച്ചിരുന്നുവെന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്.
വിശ്വസിക്കുന്നവർക്ക് ദൈവം വഴി കണ്ടെത്തിത്തരുമെന്നും അദ്ദേഹം പറഞ്ഞു. ജന്മനാടായ പൂനെയിൽ ഒരു യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“താൻ പതിവായി പ്രാർഥിക്കുന്ന വ്യക്തിയാണ്. അയോധ്യാ കേസിന്റെ സമയത്ത് ഞാൻ ദേവന്റെ മുൻപിൽ ഇരുന്നു, ഒരു പരിഹാരം കാണണമെന്ന് അദ്ദേഹത്തോട് പറഞ്ഞു’ ചീഫ് ജസ്റ്റീസ് പറഞ്ഞു. നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, ദൈവം എപ്പോഴും ഒരു വഴി കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
2019 നവംബർ ഒൻപതിന്, അന്നത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റീസ് ചന്ദ്രചൂഡ് എന്നിവരടങ്ങിയ അഞ്ചംഗ സുപ്രീം കോടതി ബെഞ്ചാണ് കേസിൽ വിധി പറഞ്ഞിരുന്നത്.
ഏകദേശം 70 വർഷമായി തുടർന്ന സംഘർഷത്തിനാണ് ഇതോടെ വിരാമമിട്ടത്. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുമതി നൽകി, അതേസമയം പള്ളിക്ക് അഞ്ചേക്കർ ബദൽ സ്ഥലം നിർദേശിക്കുകയും ചെയ്തു.