കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തന ങ്ങള്‍ക്ക് ഡിവൈഎഫ്ഐയുടെ കൈത്താങ്ങ്. പഞ്ചായത്തിലെ ഏറ്റവും വലിയ ജലസ്രോതസായ വലിയതോട്ടിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന യജ്ഞമാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ വിമുക്ത പഞ്ചായത്തായി കടുത്തുരുത്തി മാറ്റുകയെന്ന മഹാലക്ഷ്യമാണ് പഞ്ചായത്ത് അധികൃതര്‍ ഉന്നം വയ്ക്കുന്നത്. ഇതേസമയം വന്‍തോതിലുള്ളതും വിഷമകരമായ സാഹചര്യം നേരിടേണ്ടതുമായ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പലരും തയാറാവാതെ വന്നതോടെ പഞ്ചായത്ത് അധികൃതരും വിഷമസന്ധിയിലായിരുന്നു.
ഇതേത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനില്‍ ഡിവൈഎഫ്ഐ നേതാക്കളുമായി ഈ വിഷയം സംസാരിച്ചപ്പോളാണ് പ്രശ്നം ഏറ്റെടുക്കാനുള്ള സന്നദ്ധത നേതാക്കള്‍ അറിയിച്ചത്. ഡിവൈഎഫ്ഐ യുടെ യൂത്ത് ബ്രിഗേഡാണ് മാലിന്യപ്രശ്നം കൈകാര്യം ചെയ്യാന്‍ രംഗത്ത് വന്നിരിക്കുന്നത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ വള്ളത്തില്‍ വലിയതോട്ടിലിറങ്ങി പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പത്തോളം ചാക്ക് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് വലിയപാലത്തിന് സമീപത്തു തോട്ടില്‍നിന്നും പ്രവര്‍ത്തകര്‍ വാരിക്കൂട്ടിയത്.
മാലിന്യങ്ങള്‍ തള്ളിയ തോട്ടിലെ വെള്ളത്തില്‍ പുഴുക്കള്‍ നിറഞ്ഞ നിലയിലാണെന്ന് ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവജനങ്ങള്‍ പറഞ്ഞു. തോട്ടില്‍ പുഴുക്കളെ നശിപ്പിക്കാനുള്ള മരുന്ന് കലക്കി ഒഴിച്ചും ഗ്ലൗസണിഞ്ഞുമാണ് പ്രവര്‍ത്തകര്‍ തോട്ടിലെ ആദ്യഘട്ട മാലിന്യനിര്‍മാര്‍ജനം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് പഞ്ചായത്ത് പരിധിയില്‍ വരുന്ന തോടിന്റെ ഭാഗങ്ങളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുമെന്നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരും നേതാക്കളും അറിയിച്ചിരിക്കുന്നത്.
വലിയതോട്ടിലെ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്ന മുറയ്ക്കു സമീപത്തുള്ള ചുള്ളിതോട്ടിലും മാലിന്യനിര്‍മാര്‍ജനത്തിന് ഇറങ്ങാനാണ് ഡിവൈഎഫ്ഐ ലക്ഷ്യമിടുന്നത്. ഏതായാലും നാടിന് വേണ്ടി ഇത്രയും ത്യാഗം ചെയ്യാന്‍ തയാറായ യുവജനങ്ങളുടെ ദുരിതം കണ്ടവരെങ്കിലും ഇനിയും തോട്ടില്‍ മാലിന്യം തള്ളില്ലെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും. കുടിവെള്ള പ്രശ്നവും ജലദൗര്‍ലഭ്യവും ഡിസംബര്‍ മാസത്തില്‍ തന്നെ നാട്ടില്‍ പലയിടത്തും ഭീഷിണി ഉയര്‍ത്തി തുടങ്ങിയതോടെ നാട്ടില്‍ ലഭ്ര്യമായ ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ ജനപ്രതിനിധികളും അധികാ രികളും വൈകരുതെന്നാണ് ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ യുവജനങ്ങളുടെ അഭ്യര്‍ത്ഥന.