സ്വന്തം ലേഖകൻ
കോഴിക്കോട്: രാജ്യത്തെ പട്ടാളത്തെയും പോലീസിനെയും കാവിവത്ക്കരിക്കുന്ന കേന്ദ്ര സർക്കാർ നയം കേരളത്തിൽ നടപ്പാവില്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്. മറ്റു സംസ്ഥാനങ്ങളിൽ സംഘപരിവാർ നടത്തുന്ന അക്രമങ്ങൾക്ക് പോലീസ് കുടപിടിക്കുന്നത് പോലെ കേരളത്തിലും നടക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. പോലീസിനെ ശരിയായ ദിശയിൽ നയിക്കാനും നിയന്ത്രിക്കാനും കഴിയുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതുകൊണ്ടാണ് ഇന്നലെ മറൈൻ ഡ്രൈവിലുണ്ടായ ശിവസേനയുടെ അക്രമം നോക്കിനിന്നവർക്കെതിരെ ഉടൻ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
അക്രമങ്ങൾ നോക്കിനിൽക്കുന്ന പോലീസുകാർക്ക് ഇതൊരു പാഠമാണ്. എക്കാലത്തും പോലീസിന് അവരുടേതായ സ്വഭാവമാണുള്ളത്. ഈ കാലത്തെ പോലീസിനെ ജനകീയ പോലീസാക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് സർക്കാരിനുണ്ടെന്നും റിയാസ് പറയുന്നു. സൗഹൃദങ്ങൾ സദാചാരവിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. അനവനിലേക്ക് മാത്രമായി ഒതുങ്ങുന്ന കാലത്ത് സൗഹൃദ കൂട്ടായ്മയും സംവാദവും ഉയർന്നുവരേണ്ടത് ആവശ്യമാണ്.
സൗഹൃദങ്ങൾക്കെതിരെ വാളെടുക്കുന്നവർക്ക് കൃത്യമായ അജണ്ടയുണ്ട്. നിലവിൽ ജനജീവിതത്തെ ബാധിക്കുന്ന വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം സദാചാര അക്രമങ്ങൾ അവർ നടത്തുന്നതെന്നും റിയാസ് കുറ്റപ്പെടുത്തുന്നു. ആരുമായി സൗഹൃദം പുലർത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം പൗരനുണ്ട്. സൗഹൃദങ്ങളെ ആയുധമെടുത്ത് നേരിടുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനെതിരെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധം ഉയരും.
ആദ്യം ഭക്ഷണപാത്രത്തിൽ കയ്യിട്ടവർ പിന്നെ വസ്ത്രത്തിലും കയ്യിടുന്ന കാഴ്ച്ചയാണ് ഇന്ന് കാണുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിയിൽ പോലും തട്ടത്തിന് വിലക്കേർപ്പെടുത്തുകയാണിന്ന്. ഇത്തരം സംഭവങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ഒരുമിച്ചുനിന്ന് പ്രതിഷേധിക്കണമെന്നും റിയാസ് പറഞ്ഞു.