നാദാപുരം: ലൈബ്രറി തീ വച്ച് നശിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇരിങ്ങണ്ണൂരിൽ പോലീസിനെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത്.ഇന്നലെ രാത്രി പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പോലീസിനെതിരെ ഇരിങ്ങണ്ണൂർ ടൗണിൽ വ്യാപകമായി പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ജൂണ്‍ പത്താം തിയ്യതിയാണ് ഇരിങ്ങണ്ണൂർ ടൗണിലെ പബ്ലിക് ലൈബ്രറി തീ വെച്ച് നശിപ്പിച്ചത്.തീവെപ്പുമായി ബന്ധപ്പെട്ട് നാദാപുരം പോലീസ് ബി ജെ പിക്കാരായ ആറ് പേർക്കെതിരെ സിപിഎം പ്രവർത്തകനായ കാട്ടിൽ രാജീവന്റെ പരാതിയിൽ കേസെടുത്തിരുന്നു.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും അറസ്റ്റ് ചെയ്യാതെ പോലീസ് കേസ് അട്ടി മറിക്കാനുളള ശ്രമമാണെന്ന് നടത്തുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു.പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.