കാക്കയങ്ങാട്: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ കൈയേറ്റം ചെയ്യുകയും എസ്ഐ ഉള്‍പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തതിനു മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനു മുഴക്കുന്ന് പ്രിന്‍സിപ്പല്‍ എസ്ഐ പി. രാജേഷ് കേസെടുത്തു.
ഫേസ്ബൂക്കിലൂടെ വിവാഹിതയായ യുവതിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ സംശയമുള്ള യുവാവിനെ വിളിച്ചവരുത്തിയെന്ന് ആരോപിച്ചായിരുന്നു പോലീസ് സ്റ്റേഷനില്‍ അതിക്രമം. ശ്രീജിത്ത്, നിധീഷ്, അന്‍ഷാദ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്.
പോലീസ് സ്റ്റേഷനില്‍ നടന്ന സംഭവങ്ങള്‍ പോലീസ് മൊബൈല്‍ഫോണില്‍ റിക്കാര്‍ഡ് ചെയ്തതിനു ശേഷമാണു കേസെടുത്തത്. സംശയമുള്ളയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രീതി ശരിയായില്ലന്നാരോപിച്ചാണു സംഘം പോലീസ് സ്റ്റേഷനകത്തും പുറത്തും ബഹളംവയ്ക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തതെന്ന് എസ്ഐ പറഞ്ഞു.