കൊച്ചി: കഞ്ചാവ് കേസില്‍ കുടുക്കിയെന്ന ഡിവൈഎഫ്ഐ നേതാവിന്റെ പരാതിയില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി ഉണ്ടായേക്കും.
കേസില്‍ കുടുക്കിയതാണെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ പരിശോധനക്ക് നേതൃത്വം നല്കിയ എസ്ഐയെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരുന്നു.
നിലവില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ അന്വേഷണം നടക്കുകയാണ്. എന്തെങ്കിലും സ്വാധീനം ഉണ്ടായതായി തെളിഞ്ഞാല്‍ കൂടുതല്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി വന്നേക്കുമെന്നാണ് സൂചന.
കഴിഞ്ഞ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. 15 ഗ്രാം കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേരെ ഡാന്‍സാഫ് രാത്രി കലൂര്‍ ദേശാഭിമാനി ജംഗ്ഷനില്‍നിന്നും പിടികൂടി എറണാകുളം നോര്‍ത്ത് സ്റ്റേഷനിലെത്തിച്ചിരുന്നു. കഞ്ചാവ് കൈവശം വെച്ചുവെന്ന കുറ്റത്തിനൊപ്പം വില്പനയ്ക്കായി സൂക്ഷിച്ചിരുന്നുവെന്ന വകുപ്പും ചുമത്തി.
പത്രങ്ങളില്‍ വാര്‍ത്തയും നല്‍കിയിരുന്നു പോലീസ്. ഇത് പാര്‍ട്ടിതലത്തില്‍ എതിര്‍ചേരിയില്‍ നിന്ന് കരുനീക്കം നടന്നതായാണ് പ്രതികളുടെ സംശയം. ഇതോടെയാണ്, പിന്നില്‍ ഗൂഢാലോചന ആരോപണം ഉയര്‍ന്നത്.
സാമൂഹിക അകലം പാലിച്ചില്ലെന്നു കാണിച്ച് കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരം കേസെടുക്കുമെന്നറിയിച്ചാണ് സ്റ്റേഷനില്‍ എത്തിച്ചതെന്നും കഞ്ചാവ് കേസില്‍ കുടുക്കിയതെന്നും കാണിച്ചാണ് പ്രതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.