തിരുവനന്തപുരം: പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷന് നേരേ കല്ലേറ് നടത്തിയ സംഭവത്തിൽ അന്‍പതോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തു.
ഇന്നലെ രാത്രിയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകരും അണമുഖം ഈറോഡ് സ്വദേശി കളുമായ രാജീവ് (24), ശ്രീദേവ് (21) എന്നിവരെ മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും അശ്ലീല ആംഗ്യങ്ങൾ കാട്ടിയെന്ന പരാതിയിലുമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയിൽ ഡിവൈഎഫ്ഐ വഞ്ചിയൂർ ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലെത്തിയ അൻപതോളം ഡിവൈഎഫ്ഐ പ്രവർത്തകർ എസ്ഐ യെ കാണണമെന്ന് പോലീസുകാരോട് ആവശ്യപ്പെട്ടിരുന്നു.
ആ സമയത്ത് എസ്ഐയുടെ മുറിയിൽ വേറെ പരാതിക്കാരുണ്ടായിരുന്നു. അവർ പുറത്തിറങ്ങിയ ശേഷം എസ്ഐയെ കാണാമെന്ന് പോലീസുകാർ പറഞ്ഞെങ്കിലും ഡിവൈഎഫ്ഐ നേതാവും കൂട്ടരും ക്ഷുഭിതരാവുകയും മുദ്രാവാക്യം വിളിച്ചുകൊണ്ട് പോലീസ് സ്റ്റേഷന് പുറത്തിറങ്ങി ജനൽ ഗ്ലാസിന് നേരേ കല്ലേറ് നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഡിവൈഎഫ്ഐ വഞ്ചിയൂർ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷന് നേരേ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കല്ലേറിന്റെ ദൃശ്യങ്ങൾ പോലീസ് സ്റ്റേഷനിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി.