കൊല്ലം: ട്രെയിൻ തടയലിനിടെ എസ്ഐക്ക് കരണത്തടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാകുന്പോഴും തല്ലിയിട്ടില്ലെന്ന് പോലീസ്.
മാത്രമല്ല തല്ലിയതിന്റെ പേരിൽ ആർക്കെതിരേയും ഇതുവരെ കേസെടുത്തിട്ടുമില്ല. ഉന്തിനും തള്ളിനുമിടയിലുണ്ടയായ ഉലച്ചിലാണ് അടിക്കുന്നതായി തോന്നിപ്പിക്കുന്നതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐ ജിജുവിനാണ് മുഖത്തടി കിട്ടുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
മെമു പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ റെയിൽവേ സ്റ്റേഷന് മാര്‍ച്ചിനിടെയാണ് എസ്ഐക്ക് മര്‍ദനമേറ്റത്. ഡിവൈഎഫ്ഐ ട്രെയിൻ തടയുമെന്ന വിവരത്തെ തുടര്‍ന്ന് സ്റ്റേഷന് മുന്പില് മാര്‍ച്ച് തടയാന്വന് പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. മാര്‍ച്ച് തടഞ്ഞയുടന്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം ഉന്തും തള്ളും നടന്നു. ഇതിനിടെ വനിതാ പ്രവര്‍ത്തകയെ തടഞ്ഞുവെച്ചുവെന്ന് ആരോപിച്ചാണ് ഒരു പ്രവർത്തകൻ എസ്ഐ യുടെ മുഖത്തടിച്ചത്.
ട്രയിന്‍ തടയുന്നതിനായി ഇതേ സമയം മറ്റൊരു വിഭാഗം പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോമുകളില്‍ സംഘടിച്ചിരുന്നു. പുറത്ത് ധര്‍ണ നടക്കുന്ന സമയത്ത് തന്നെ അകത്ത് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞിട്ടു. ട്രെയിന്‍ തടഞ്ഞ പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോം ടിക്കറ്റെടുത്താണ്സ്റ്റേഷനകത്ത്കടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് 17പേർക്കെതിരെ ആർപിഎഫ് കേസെടുത്തു. ട്രെയിൻ തടയൽ, അതിക്രമിച്ച് ട്രാക്കിൽ കയറിനിൽക്കൽ, യാത്രക്കാർക്കും ജീവനക്കാർക്കും ശല്യമുണ്ടാക്കൽ എന്നിവയ്ക്കാണ് കേസെടുത്തതെന്ന് ആർപിഎഫ് വ്യക്തമാക്കി.