കൊച്ചി: ഡിവൈഎഫ്ഐ സംഘടനാ സംവിധാനങ്ങൾ വേണ്ടത്ര കാര്യക്ഷമമാകുന്നില്ലെന്നും മതിയായ ഇടപെടൽ കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ദേശീയ സമ്മേളനത്തിൽ വിമർശനം. പ്രതിനിധി സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയിലാണ് പ്രതിനിധികൾ ഇത്തരത്തിൽ വിമർശനം ഉയർത്തിയത്. പല സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന മുന്നേറ്റം നിലനിർത്തിക്കൊണ്ടുപോകാൻ സാധിക്കാത്തത് നേതൃത്വത്തിന്റെ ദൗർബല്യമാണ്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇത്തരം സാഹചര്യം ആവർത്തിക്കുന്നത്. മുഴുവൻ സമയ പ്രവർത്തകർ ഇല്ലാത്തത് പല ഇടങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ പേരിൽ സംഘടനാ പ്രവർത്തനം പിന്നോട്ടടിക്കപ്പെടുന്നുമുണ്ട്. വേണ്ടത്ര വനിതാ പ്രാതിനിധ്യവും ഉറപ്പാക്കാനും സാധിക്കുന്നില്ല. ഇത്തരം വീഴ്ചകൾ ഒഴിവാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേന്ദ്ര നേതൃത്വത്തിന്റെ പ്രവർത്തനം ദുർബലമാണെന്നും അത് പരിഹരിച്ചില്ലെങ്കിൽ സംഘടനയ്ക്കു മുന്നോട്ടു പോവുക കൂടുതൽ വിഷമകരമാകുമെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
കേന്ദ്ര നേതൃത്വം ദുർബലമാണെന്ന വിമർശനം പ്രതിനിധികൾ ഉയർത്തിയതായി അഖിലേന്ത്യാ അധ്യക്ഷൻ എം.ബി. രാജേഷ് എംപി പിന്നീട് പത്രസമ്മേളനത്തിലും പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സംഘടനക്കുണ്ടാകുന്ന മുന്നേറ്റം നിലനിർത്താൻ സാധിക്കാത്തത് വീഴ്ചയാണ്. കേന്ദ്രനേതൃത്വത്തിൽ പ്രവർത്തിക്കാൻ ആളില്ല എന്നതാണ് പ്രധാന പ്രശ്നമെന്ന് രാജേഷ് ചൂണ്ടിക്കാട്ടി. പല ദേശീയ നേതാക്കളും സംഘടനാ ചുമതല കൂടി ഉള്ളവരാണ്. താൻ തന്നെ പാർലമെന്റേറിയനായതിന്റെ തിരക്കുകളുണ്ട്.
സംസ്ഥാന ചുമതലയിലില്ലാത്തവരെ ദേശീയ നേതൃത്വം ഏൽപ്പിച്ച് സംഘടനയെ ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വർഗീയ ചിന്താഗതി വർധിച്ചു വരുന്നത് പുരോഗമന പ്രസ്ഥാനങ്ങൾക്ക് തിരിച്ചടിയാണ്. കൂടുതൽ വനിതകളെ നേതൃനിരയിലേക്ക് കൊണ്ടു വരും. ജനകീയ പ്രശ്നങ്ങളിൽ നടത്തേണ്ട പ്രതിരോധത്തെപ്പറ്റി സംഘടനക്ക് വിശാല കാഴ്ചപ്പാടാണുള്ളത്. ഇതിനായി മറ്റു യുവജനസംഘടനകളുമായി കൈകോർക്കാൻ മടിക്കില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.
കേരളത്തിൽനിന്നുള്ള പ്രതിനിധി മലപ്പുറത്തെ വി.പി. റജീന അടക്കമുള്ള 30 ഓളം പേർ ചർച്ചയിൽ പങ്കെടുത്തു. അഖിലേന്ത്യ ജനറൽ സെക്രട്ടറി അഭോയ് മുഖർജി തിങ്കളാഴ്ച സ്വയം വിമർശനപരമായി അവതരിപ്പിച്ച സംഘടന റിപ്പോർട്ടിനെ മുൻനിർത്തിയുള്ള ചർച്ചകൾ തുടരുകയാണ്.സംഘടനയുടെ സ്വരൂപത്തെ തന്നെ പാടെ നവീകരിക്കുന്ന ഭരണഘടനാ ഭേദഗതി അടക്കമുള്ളവയും ഈ സമ്മേളനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.