കോഴിക്കോട്: മത്സ്യകൃഷിക്ക് കുളം നിര്‍മിക്കാനിരുന്ന സ്ഥലത്ത് ഡിവൈഎഫ്ഐ കുത്തിയ കൊടികള്‍ എടുത്തുമാറ്റി. സ്ഥലം കയ്യേറി കൊടികുത്തിയവര്ക്കെതിരേ ഉടമ നല്കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. കണ്ടലറിയാവുന്ന എഴുപേര്ക്കെതിരേയാണ് കേസ്.
മത്സ്യ കൃഷിക്കായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായി സ്ഥലം ഉടമ കക്കോടി മോരിക്കര സ്വദേശിനി ശ്രീനിലയത്തില്‍ എം.ശകുന്തള എറാടി മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം വിവാദമായതോടെയാണ് കേസെടുക്കാന്‍ തീരുമാനിച്ചത്.
മെഡിക്കല്‍ കോളജ് പോലീസ് ഭൂമിയുടെ ഉടമ ശകുന്തളയുടെ മകന് ശ്രീരാജിനെ സ്റ്റേഷനിലേക്ക് വിളിച്ച് മൊഴി എടുത്തിരുന്നു.കെ.പി. ഗോപാലന് റോഡിലെ 86 സെന്റ് സ്ഥലത്താണ് ഡിവൈഎഫ്ഐ കൊടികുത്തിയിരുന്നത്. കോര്പറേഷന് കളിസ്ഥലം നിര്‍മിക്കാന്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് നിര്‍മാണം തടഞ്ഞത്.
എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ലെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും സ്ഥലം ഉടമയ്ക്ക് ലഭിച്ചിട്ടില്ലെന്ന് ശ്രീരാജും അറിയിച്ചു. തുടര്‍ന്ന് സംഭവം വിവാദമായതോടെയാണ് പോലീസും നടപടിയുമായി മുന്നോട്ടുപോയത്. രണ്ടര മാസം മുമ്പാണ് കൊടികുത്തിയത്.